കുട്ടിക്കാലം മുതലെ താൻ ആർഎസ്എസ് ശാഖ കണ്ടിട്ടുണ്ടെന്നും തന്റെ സിനിമയിൽ ഇനിയും ആർഎസ്എസിനെ കാണിക്കുമെന്നും തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ആർഎസ്എസ് ശാഖ താൻ വളർന്ന സ്ഥലങ്ങളിൽ ഉള്ളതാണ്. താൻ അത് കണ്ടിട്ടുണ്ട്. എന്നാൽ ഒരു സിനിമയിലും താൻ ആർഎസ്എസ് ശാഖ കണ്ടിരുന്നില്ല. ആർഎസ്എസ് സമൂഹത്തിൽ ഇല്ല എന്നുള്ള ധാരണയോടെയാണ് മുൻപ് സിനിമകൾ എടുത്തിരുന്നത്. എന്നാൽ താൻ ആർഎസ്എസ് ശാഖ കണ്ടിട്ടുണ്ട്, അതിനാൽ തന്റെ സിനിമയിൽ അത് കാണിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഇത്രയും നാൾ ഇവിടെ സിനിമയുണ്ടായിരുന്നു. എന്നാൽ 2014-ൽ പുറത്തിറങ്ങിയ ‘ഈ അടുത്തകാലത്ത്’ എന്ന സിനിമയിലാണ് ശാഖ ആദ്യമായി കാണിക്കുന്നത്. അത് ആരുടെ കുഴപ്പമാണെന്നും അദ്ദേഹം ചോദിച്ചു. ആർഎസ്എസിനെ നിങ്ങൾ അവരെ അവഗണിക്കുകയും അഭിസംബോധന ചെയ്യാതെയിരിക്കുമ്പോഴുമാണ് അവർ കൂടുതൽ ശക്തരാകുന്നത്. നിങ്ങൾക്ക് അവരോട് യുദ്ധം ചെയ്യണമെങ്കിൽ ആദ്യം അവരെ അഭിസംബോധന ചെയ്യണം. അല്ലാതെ അവരെ മാറ്റിനിർത്തിയിട്ട്, എങ്ങനെ നിങ്ങൾക്ക് അവർക്കെതിരെ പ്രവർത്തിക്കാൻ കഴിയുമെന്നും മുരളി ഗോപി ചോദിച്ചു.
തന്റെ സിനിമകളിൽ ഫാസിസ്റ്റുകളെയും താൻ വിമർശിക്കുന്നുണ്ട്. ‘ടിയാൻ’ എന്ന സിനിമയിൽ താൻ വിമർശിക്കുന്നത് വലതുപക്ഷത്തെയാണ്. ഫാസിസം എന്നത് വലതുപക്ഷത്തിന്റെ മാത്രം കുത്തകയല്ലെന്നും ഇടതുപക്ഷത്തിലും ഫാസിസ്റ്റ് ഘടകങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നുള്ളത് ഇടതുപക്ഷമല്ലെന്നും, ഇടതുപക്ഷം എന്നത് പേരിൽ മാത്രമാണുള്ളതെന്നും മുരളി ഗോപി കൂട്ടിച്ചേർത്തു. തന്റെ അച്ഛൻ ബിജെപി ആയിരുന്നു, അത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments