ഷാർജ: ആഴ്ചയിൽ 4 ദിവസം പഠിത്തവും 3 ദിവസം അവധിയും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഗുണകരമാണെന്ന് റിപ്പോർട്ട്. ഈ രീതിയിലൂടെ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും ജീവിത നിലവാരം ഉയർന്നു. കൂടാതെ, കുട്ടികൾക്ക് പഠനേതര കാര്യങ്ങൾക്കു കൂടുതൽ സമയം ലഭിച്ചു തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.
രക്ഷിതാക്കൾക്ക് കുടുംബ ചിലവിൽ ഗണ്യമായ കുറവുണ്ടായി. കൂടാതെ, മാനസിക ആരോഗ്യത്തിനും ഉപയോഗപ്രദമായെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. നാല് ദിവസത്തെ ക്ലാസ്സുകളിലൂടെ ദോഷത്തെക്കാളേറെ ഗുണമാണുണ്ടായത്. എല്ലാ ദിവസവും പഠിത്തവും ട്യൂഷനുമായി കടന്നു പോകുന്നത് വിദ്യാർത്ഥികൾക്കിടയിൽ വിരസതയാണ് ഉണ്ടാക്കിയിരുന്നത്. സ്വന്തം ഇഷ്ടങ്ങൾക്കും കഴിവുകൾക്കും വേണ്ടി ആഴ്ചയിൽ മൂന്ന് ദിവസം മാറ്റി വെയ്‌ക്കാൻ കഴിഞ്ഞതോടെ കുട്ടികളുടെ മാനസിക ആരോഗ്യനില മെച്ചപ്പെട്ടു.
എന്നാൽ, ദിവസം ചുരുങ്ങിയതിലൂടെ ചില കുട്ടികൾ സമ്മർദ്ദം നേരിടുന്നുണ്ട്. ചുരുങ്ങിയ പ്രവൃത്തി ദിവസങ്ങൾക്ക് അനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിക്കാത്തതാണ് പ്രധാന പ്രശ്നം. ചില കുട്ടികൾക്ക് അവധി ദിവസങ്ങൾ എങ്ങനെയാണ് ചിലവഴിക്കേണ്ടതെന്നും അറിയില്ല. കുട്ടികൾക്ക് പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കേണ്ട മാർഗം നിർദ്ദേശിക്കുക. കൃത്യ സമയത്തു പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാവുന്ന തരത്തിൽ സിലബസിൽ മാറ്റം വരുത്തിയാൽ ദോഷങ്ങൾ ഒഴിവാക്കാൻ കഴിയും. ഒരുപാട് പഠിപ്പിക്കുന്നതിനേക്കാൾ ഗുണപരമായി പഠിപ്പിക്കുക എന്നതിലേക്കാണ് പാഠ്യ പദ്ധതി മാറേണ്ടത്. ഇക്കാര്യങ്ങൾ കൃത്യമായി അവലോകനം ചെയ്യണം.
2022 ജനുവരി മുതലാണ് ഷാർജയിൽ 4 ദിവസത്തെ പഠനം ആരംഭിക്കുന്നത്. കൊറോണയ്‌ക്ക് ശേഷം ലോകത്ത് വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ മാറ്റങ്ങളുടെ തുടർച്ചയായായിരുന്നു ഷാർജയിലെ പുതിയ പഠന രീതി.
Comments