പത്തനംതിട്ട: തിരുവല്ലയിൽ വീട് കേന്ദ്രീകരിച്ച് മിനി ബാർ നടത്തിയിരുന്നയാളെ അറസ്റ്റ് ചെയ്ത് എക്സൈസ്. നിരണം വടക്കുഭാഗം തൈപറമ്പിൽ ടി.എസ്.സജീവ് (52) ആണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും അര ലിറ്ററിന്റെ 113 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യമാണ് പിടിച്ചെടുത്തത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ ബെവ്കോ ഔട്ട് ലെറ്റുകളിൽ നിന്നും പലപ്പോഴായി വാങ്ങിയായിരുന്നു ഇയാൾ മദ്യം സൂക്ഷിച്ചിരുന്നത്. ഇയാൾ അവധി ദിവസങ്ങളിൽ ഇരട്ടി വിലയ്ക്ക് വിൽക്കുകയാണ് പതിവ്.
വീടിന്റെ പരിസരങ്ങളിൽ നിന്നും 40 കുപ്പി മദ്യമാണ് ലഭിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വീടിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിൽ 73 കുപ്പി മദ്യം കണ്ടെത്തിയത്. ഇയാൾക്ക് മദ്യം വിറ്റു കിട്ടിയ പണവും കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു വർഗീസ്, പത്തനംതിട്ട ഇന്റലിജൻസ് ബ്യൂറോ പ്രിവന്റിവ് ഓഫിസർ വി.രതീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷിഹാബുദീൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺ കൃഷ്ണൻ, സുമോദ് കുമാർ, ഹുസൈൻ, കാർത്തിക എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Comments