കൊൽക്കത്ത: ദുർഗാപൂജയ്ക്ക് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ, ദേവീ വിഗ്രഹങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്ന തിരക്കിൽ കൊൽക്കത്ത. വടക്കൻ കൊൽക്കത്തയിലെ കുമാർതുലിയിൽ നിന്നാണ് ലോകമെമ്പാടും ദുർഗാവിഗ്രഹങ്ങൾ എത്തുന്നത്. വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന വിഗ്രഹങ്ങൾ പൊതുവെ ഫൈബർ ഗ്ലാസ് കൊണ്ടാണ് നിർമ്മിക്കുന്നത്. ഭാരതീയർ ധാരാളമായുള്ള ന്യൂയോർക്ക്, കാനഡ, ജർമ്മനി, ബെർലിൻ, ഓസ്‌ട്രേലിയ, യുകെ, ദുബായ്, ഷാർജ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണ് വിഗ്രഹങ്ങൾ കൂടുതലായി എത്തുന്നത്.
12 മുതൽ 18 അടി വരെയുള്ള വിഗ്രഹങ്ങളാണ് കടൽ കടൽ കടക്കുന്നത്. വലിപ്പമനുസരിച്ച് ഒരു ലക്ഷം രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെയാണ് വിഗ്രഹത്തിന്റെ വില. 2021 ൽ, യുനെസ്കോ ‘കൊൽക്കത്തയിലെ ദുർഗാപൂജ’ മനുഷ്യ സംസ്ക്കാരത്തിന്റെ അദൃശ്യമായ സാംസ്കാരിക പൈതൃകത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുർഗാപൂജ ഉത്സവത്തിന് മൂന്ന് മാസം മുൻപ് തന്നെ കുമാർതുലിയിൽ നിന്നുള്ള വിഗ്രഹങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് അയച്ചു തുടങ്ങുമെന്ന് കലാകാരനായ മിന്റു പാൽ പറഞ്ഞു. കഴിഞ്ഞ 35 വർഷമായി വിഗ്രഹ നിർമ്മാണം നടത്തുന്നയാളാണ് മിന്റുപാൽ.
“ജനുവരി മാസം മുതലാണ് ഓർഡറുകൾ വരുന്നത്. വിദേശത്തേക്ക് പോകുന്ന നമ്മുടെ വിഗ്രഹങ്ങൾ ഫൈബർഗ്ലാസ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കൊറാണ കാലത്ത് ഓർഡർ കുറവായിരുന്നു എന്നാൽ ഇപ്പോൾ നിയമങ്ങൾ പാലിച്ച് വിദേശത്തുള്ള ഇന്ത്യക്കാരും ദുർഗാപൂജ നടത്തുന്നു. 2000 മുതൽ വിദേശ രാജ്യങ്ങളിലേക്ക് ഫൈബർഗ്ലാസ് വിഗ്രഹങ്ങൾ അയക്കുന്നുണ്ട്. ആളുകൾ ഓൺലൈനായും ഫോൺ വഴിയും വാട്ട്‌സ്ആപ്പ് വഴിയും ഓർഡർ നൽകുന്നു, കൊൽക്കത്ത സന്ദർശിക്കാൻ വരുമ്പോൾ ചിലർ നേരിട്ടും ഓർഡർ നൽകുന്നു മിന്റു പാൽ കൂട്ടിച്ചേർത്തു.
ചെലവ് കുറവായതിനാൽ അമേരിക്കയിലേക്ക് വലിയ വിഗ്രഹം കപ്പലിലാണ് അയയ്‌ക്കുന്നത്. ചെറിയവ മാത്രമാണ് വിമാനത്തിൽ കൊണ്ടുപോകുന്നത്. കപ്പലിൽ ഇവ അമേരിക്കയിലെത്താൻ ഏകദേശം 60 മുതൽ 70 ദിവസം വരെ എടുക്കും. മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് ദുർഗാവിഗ്രഹം അയയ്‌ക്കാൻ 20 മുതൽ 25 ദിവസം വരെ എടുക്കും, അദ്ദേഹം കൂട്ടിച്ചേർത്തു.
Comments