ബഹിരാകാശ മേഖലയിൽ സ്വകാര്യവ്യവസായങ്ങളെ ഉൾപ്പെടുത്തുന്നതിനുള്ള സർക്കാർ തീരുമാനം സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ്. ഈ കഴിഞ്ഞ ജൂലൈ 30-നാണ് ശ്രീഹരിക്കോട്ടയിൽ നിന്നും ആറ് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി-സി56 വിജയകരമായി വിക്ഷേപണം നടത്തിയത്. വിജയദൗത്യത്തിൽ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ആനന്ദ് ടെക്നോളജീസ് (എടിഎൽ) നിർണായക പങ്കു വഹിച്ചിരുന്നു. ഐഎസ്ആർഒയുടെ വിവിധ വിക്ഷേപണ വാഹനങ്ങളിലും ഉപഗ്രഹ ദൗത്യങ്ങളിലുമാണ് എടിഎൽ നിർണായക പങ്കുവഹിച്ചത്.
നാവിഗേഷൻ ഇന്റർഫേസ് മൊഡ്യൂളുകൾ, ഇനർഷ്യൽ സെൻസിംഗ് യൂണിറ്റുകൾ, ഇൻട്രാ-മൊഡ്യൂൾ ഹാർനെസ്, കൺട്രോൾ ഇലക്ട്രോണിക്സ്, പൈറോ കൺട്രോൾ സിസ്റ്റങ്ങൾ, ട്രാക്കിംഗ് ട്രാൻസ്പോണ്ടർ, പവർ സിസ്റ്റങ്ങൾ എന്നിങ്ങനെ വിവിധ തരത്തിലാണ് എടിഎല്ലിന്റെ വൈദഗ്ധ്യം തെളിയിച്ചത്. എടിഎൽ സ്ഥാപകനും സിഎംഡിയുമായ ഡോ. സുബ്ബ റാവു പാവുലൂരി ഐഎസ്ആർഒയ്‌ക്ക് നന്ദി അറിയിച്ചു. ഏകദേശം മുന്ന് പതിറ്റാണ്ടോളമായി ഐഎസ്ആർഒയുടെ പങ്കാളിയാണിവർ.
ഹൈദരാബാദിലാണ് എടിഎല്ലിന്റെ ആസ്ഥാനം. തിരുവനന്തപുരത്തും ബെംഗളൂരുവിലും എടിഎല്ലിന് ഓഫീസുകളുണ്ട്. ഐഎസ്ആർഒയുടെ 75 വിക്ഷേപണ വാഹനങ്ങൾക്കും 95 ബഹിരാകാശ വാഹനങ്ങൾക്കും എടിഎൽ മഹത്തായ സംഭാവന നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ബഹിരാകാശ മേഖലയിലെ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നതിന് എടിഎൽ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. സുബ്ബ റാവു പാവുലൂരി പറഞ്ഞു.
















Comments