ഹൃത്വിക് റോഷന്റെ ‘കോയി… മിൽ ഗയ’ വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിൽ എത്തുന്നു. ഹൃത്വിക് റോഷനെ കേന്ദ്രകഥാപാത്രമാക്കി പിതാവ് രാകേഷ് റോഷൻ സംവിധാനം ചെയ്ത ചിത്രം 2003 ഓഗസ്റ്റ് എട്ടിനാണ് റിലീസ് ചെയ്തത്. എന്നാൽ 20 വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരെ ഹരം കൊള്ളിക്കാൻ സിനിമ വീണ്ടും തീയേറ്ററുകളിലെത്തുകയാണ്.
ഓഗസ്റ്റ് നാലിനാണ് ചിത്രം റീ-റിലീസിനെത്തുന്നത്. ഇന്ത്യയിലെ 30 നഗരങ്ങളിലെ തിയേറ്ററുകളിലാണ് ചിത്രം റി റിലീസിനെത്തുന്നത്. ഹൃത്വിക് റോഷന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായാണ് ‘കോയി… മിൽ ഗയ’ അറിയപ്പെടുന്നത്. പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായ ചിത്രത്തിൽ ജാദൂ എന്ന അന്യഗ്രഹ ജീവിയും രോഹിത് എന്ന യുവാവും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്.
2003 ൽ ചിത്രം 35 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. ഹൃത്വിക് റോഷനെക്കൂടാതെ പ്രീതി സിന്റ, രേഖ, പ്രേം ചോപ്ര എന്നിവരായിരുന്നു മറ്റ് പ്രധാന വേഷത്തിലെത്തിയത്. ‘കോയി മിൽ ഗയ’യുടെ തുടർച്ചയായി ഇറങ്ങിയ ഹൃത്വിക് റോഷന്റെ ചിത്രങ്ങളാണ് ക്രിഷ്, ക്രിഷ് 3. ഈ സീരിസിലെ അടുത്ത ചിത്രത്തിനായി ആരാധകർ കാത്തിരിക്കുമ്പോഴാണ് കോയി മിൽ ഗയയുമായി അണിയറ പ്രവർത്തകർ വീണ്ടുമെത്തുന്നത്.
Comments