വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡിസിയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ഫീൽഡ് ഓഫീസ് മേധാവിയായി ഇന്ത്യൻ വംശജയായ ഷോഹിനി സിൻഹ. എഫ്ബിഐയുടെ പ്രത്യേക ഏജന്റായാണ് ഷോഹിനി സിൻഹയെ നിയമിച്ചത്. എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേയാണ് ഫീൽഡ് ഓഫീസ് സ്ഥാനം സിൻഹയ്‌ക്ക് നൽകണമെന്ന തീരുമാനമെടുത്തത്. എഫ്ബിഐ ഡയറക്ടറുടെ എക്‌സിക്യൂട്ടീവ് സ്‌പെഷ്യൽ അസിസ്റ്റന്റായി സിൻഹ സേവനമനുഷ്ഠിക്കവെയാണ് ഈ നിയമനം.
2021-ലാണ് എഫ്ബിഐ ഡയറക്ടറുടെ എക്‌സിക്യൂട്ടീവ് സ്‌പെഷ്യൽ അസിസ്റ്റന്റായി സിൻഹ തിരഞ്ഞെടുക്കപ്പെട്ടത്. 2001-ൽ മിൽവാക്കി ഫീൽഡ് ഓഫീസിൽ തീവ്രവാദ വിരുദ്ധ അന്വേഷണത്തിന്റെ ഭാഗമായി പ്രവർത്തനം ആരംഭിച്ചതാണ് സിൻഹയുടെ കരിയറിലെ തുടക്കം. ഗ്വാണ്ടനാമോ ബേ നേവൽ ബേസ്, ലണ്ടനിലെ എഫ്ബിഐ ലീഗൽ അറ്റാഷെ ഓഫീസ്, ബാഗ്ദാദ് ഓപ്പറേഷൻസ് സെന്റർ എന്നിവിടങ്ങളിൽ താൽക്കാലിക നിയമനങ്ങളിലും സിൻഹ സേവനമനുഷ്ഠിച്ചു.
2009-ലാണ് സൂപ്പർവൈസറി സ്പെഷ്യൽ ഏജന്റായി സ്ഥാനക്കയറ്റം നൽകിയത്. തുടർന്ന് വാഷിംഗ്ടൺ ഡിസിയിലെ തീവ്രവാദ വിരുദ്ധ വിഭാഗത്തിലേക്ക് സിൻഹയെ മാറ്റുകയായിരുന്നു. തുടർന്ന് കാനഡ ആസ്ഥാനമായുള്ള എക്‌സ്ട്രാ ടെറിട്ടോറിയൽ ഇൻവെസ്റ്റിഗേഷന്റെ പ്രോഗ്രാം മാനേജരായി സേവനമനുഷ്ഠിച്ചു. 2012-ൽ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്, കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കാനഡയിലെ ഒട്ടാവയിൽ അസിസ്റ്റന്റ് ലീഗൽ അറ്റാഷെയായി സ്ഥാനക്കയറ്റം ലഭിച്ചു.
2015-ൽ ഡെട്രോയിറ്റ് ഫീൽഡ് ഓഫീസിലെ ഫീൽഡ് സൂപ്പർവൈസറായി. അവിടെ അന്താരാഷ്‌ട്ര തീവ്രവാദ വിഷയങ്ങൾ അന്വേഷിക്കുന്നതിനുള്ള സ്‌ക്വാഡിന് നേതൃത്വം വഹിക്കുന്ന ലീഡറായി സിൻഹ പ്രവർത്തിച്ചിട്ടുണ്ട്. 2020-ൽ പോർട്ട്ലാൻഡ് ഫീൽഡ് ഓഫീസിലെ ദേശീയ സുരക്ഷാ സംവിധാനങ്ങളും ക്രിമിനൽ കേസുകളും കൈകാര്യം ചെയ്യാൻ ചുമതലയുള്ള അസിസ്റ്റന്റ് സ്പെഷ്യൽ ഏജന്റായി സേവനമനുഷ്ഠിച്ചു.
















Comments