കഴിഞ്ഞ ഭാഗത്തിൽ ഗാണപത്യ ദർശനത്തിന്റെ ഒരു രൂപരേഖയാണ് പ്രതിപാദിച്ചത്.
ശേഷം തുടരുന്നു
ഏതൊരു ദേവതയും കാലമനുസരിച്ച് അനുസരിച്ചു ജഗത് പരിപാലനം ചെയ്യാനായി വിഭിന്ന രൂപങ്ങൾ സ്വികരിക്കും. വൈഷ്ണവത്തിൽ ദശ അവതാരം, ശൈവത്തിൽ 64 ശിവാവതാരം,ശക്തിയുടെ ദശ മഹാവിദ്യാ രൂപം, നവ ദുർഗാ രൂപം എന്നിവ ഉദാഹരണങ്ങൾ. അതു പോലെ ശ്രീ ഗണേശനും ലോകം രക്ഷ ഹേതുനാ അനേകരൂപങ്ങളായി അവതാരമെടുത്തിട്ടുണ്ട്. ഗണേശന്റെ അനേകരൂപങ്ങളിൽ 32 രൂപങ്ങൾ തന്ത്ര, അഗമ സമ്മതമാകുന്നു.ആദ്യം നമുക്ക് 32 ഗണേശ രൂപങ്ങൾ പൊതുവായി ഒന്ന് പ്രതിപാദിക്കാം
32 ഗണേശന്മാരുടെ ധ്യാനം അർത്ഥം സഹിതം –
1. ബാലഗണപതി
കരസ്ഥകദളീചൂതപനസേക്ഷുക മോദകം
ബാലസൂര്യനിഭം വന്ദേ ദേവം ബാലഗണാധിപം
( ഉദയസൂര്യന്‍റെ വര്‍ണം, ചതുര്‍ഹസ്തം, കൈകളില്‍ കദളിപ്പഴം, മാങ്ങ, ചക്ക, കരിമ്പ്, തുമ്പിക്കൈയില്‍ മോദകം)
2. തരുണഗണപതി
പാശാങ്കുശാപൂപകപിത്ഥജമ്പു
സ്വദന്തശാലീക്ഷുമപിസ്വഹസ്തൈഃ
ധത്തേ സദാ യസ്തരൂണാരുണാഭഃ
ഹായാത്സ യൂഷ്മാംസ്തരുണോ ഗണേശ:
( ഉദയസൂര്യന്‍റെ വര്‍ണ്ണം, യുവത്വപൂര്‍ത്തി, എട്ട് കൈകള്‍, പാശം, അങ്കുശം, അപൂപം, കപിത്ഥം, ജംബു, സ്വദന്തം, കരിമ്പ്, കതിര്)
3. ഭക്തഗണപതി
നാളീകേരാമ്രകദളീഗുഡപായസ ധാരിണം
ശരശ്ചന്ദ്രാഭവപൂഷം ഭജേഭക്ത ഗണാധിപം
( നിലാവിന്‍റെ നിറമുള്ള ശരീരം, നാലുകൈകള്‍, നാളികേരം, മാങ്ങ, കദളിപ്പഴം, ശര്‍ക്കരപ്പായസം)
4. വീരഗണപതി
വേതാളശക്തിശരകാര്‍മുകചക്ര ഖഡ്ഗ
ഖട്വാംഗമുദ്ഗര ഗദാങ്കുരനാഗപാശാന്‍
ശൂലം ച കുന്തപരശുധ്വജമുദ്വഹന്തം
വീരം ഗണേശമരുണം സതതം നമാമി.
( അരുണവര്‍ണ്ണം, പതിനാറ് കൈകള്‍, വേതാളം, ശക്തി, ശരം, കാര്‍മുക, ചക്രം, ഖഡ്ഗം മുദ്ഗരം, ഖട്വാംഗം, ഗദ, അങ്കുശം, നാഗം, പാശം, ശൂലം, കുന്തം, മഴു, കൊടി)
5. ശക്തിഗണപതി
ആലിംഗ്യദേവീം ഹരിതാങ്കയഷ്ടിം
പരസ്പരാശ്ശിഷ്ടകടിപ്രദേശം
സന്ധ്യാരൂണം പാശസൃണി വഹന്തം
ഭയാപഹം ശക്തിഗണേശമീഡേ
( മടിയിലിരിക്കുന്ന ദേവിയെ ആശ്ളേഷിക്കുന്നു. ദേവി തിരിച്ചും. സന്ധ്യാരുണവര്‍ണ്ണം. പാശവും സൃണിയും വഹിക്കുന്ന ദേവന്‍ ഭയത്തെ ഇല്ലാതാക്കും)
6 ദ്വിജഗണപതി
യം പുസ്തകാക്ഷഗുണദണ്ഡകമണ്ഡല
ശ്രീ വിദ്യോതമാനകരഭൂഷണമിന്ദുവര്‍ണ്ണ
സ്തംബേരമാനന ചതുഷ്ടയശോഭമാനാം
ത്വാം യഃ സ്മരേത്ദ്വിജഗണാധിപതേ സ: ധന്യഃ
( നിലാവിന്‍റെ നിറം, നാലുതല, നാലുകൈകള്‍, പുസ്തകം, ജപമാല, ദണ്ഡം, കമണ്ഡലു)
7. സിദ്ധ ഗണപതി
പക്വചൂതഫലപുഷ്പമഞ്ജരീ-
ചേക്ഷുദണ്ഡതിലമോദകൈഃസഹ
ഉദ്വഹന്‍ പരശുമസ്തു തേ നമഃ
ശ്രീ സമൃദ്ധിയുത ഹേമപിംഗള
( സ്വര്‍ണനിറമുള്ള ദേഹം. ശ്രീയോടും സമൃദ്ധിയോടുംകൂടിയത്. നാലുകൈകളില്‍ മാങ്ങ, പൂക്കള്‍, കരിമ്പ്, മഴു. എള്ള് ചേര്‍ത്ത മോദകം തുമ്പിക്കൈയില്‍)
8. ഉച്ഛിഷ്ടഗണപതി
പാശാങ്കുശാപൂപകപിത്ഥജമ്പൂ
നീലാബ്ജദാഡിമീ വീണാശാലീഗുഞ്ജാക്ഷസൂത്രകം
ദധദുച്ഛിഷ്ടനാമായം ഗണേശ പാതുമേചകഃ
( നീലതാമര, വീണ, കതിര്, ജപമാല, തുമ്പിക്കൈയില്‍ മാതളം)
9. വിഘ്ന ഗണപതി
ശംഖേക്ഷുചാപകുസുമേഷുകുഠാര പാശ-
ചക്രസ്വദന്ത സൃണി മഞ്ജരി കാശരൈൗഘൈ
പാണിശ്രിതൈഋ പരിസമീഹിത ഭൂഷണശ്രീ-
വിഘ്നേശ്വരോ വിജയതേ തപനീയ ഗൗരഃ
( സ്വര്‍ണ്ണനിറമുള്ള ദേഹം, സര്‍വ്വാഭരണങ്ങളും അണിഞ്ഞിരിക്കുന്നു. പത്തു കൈകള്‍, ശംഖ്, കരിമ്പ്, പൂക്കള്‍, മഴു, പാശം, ചക്രം, ഒടിഞ്ഞകൊമ്പ്, തോട്ടി, പൂക്കളാലുള്ള ശരം, ആവനാഴി)
10. ക്ഷിപ്ര ഗണപതി
ദന്ദകല്പലതാ പാശ-
രത്നകുംഭാങ്കുശോജ്ജ്വലം
ബന്ധുകകമനീയാഭാം
ധ്യായേത് ക്ഷിപ്രഗണാധിപം.
( നാലുമണിപൂവിന്‍റെ നിറം. നാലുകൈകള്‍, കൊമ്പ്, കല്പ ലത, പാശം, രത്നകുഭം)
11. ലക്ഷ്മി ഗണപതി
ബിഭ്രാണഃ ശുകബീജ പൂരകമിളന്മാണിക്യ കുംഭാങ്കുശാന്‍
പാശം കല്പലതാം ച ഖഡ്ഗവിലസത്ജ്യോതിഃ സുധാനിര്‍ഝരഃ
ശ്യാമേനാത്ത സരോരുഹേണ സഹിതം ദേവീദ്വയം ചാന്തികേ
ഗൗരാംഗോ വരദാനഹസ്തസഹിതോ ലക്ഷ്മീഗണേശോണ്‍വാതാത്.
( സ്വര്‍ണ്ണവര്‍ണ്ണം, എട്ടു കൈകള്‍, തത്ത, മാതളം, മാണിക്യകുംഭം, അങ്കുശം, പാശം, കല്പലത, ഖ ഡ്ഗം, വരം. ഒരു കൈ ലക്ഷ്മിയെ ചുറ്റിയിരിക്കുന്നു. മാണിക്യകുംഭം തുമ്പിക്കൈയില്‍ കല്പിക്കുക. ലക്ഷ്മിക്ക് രണ്ടുകൈകള്‍. ഒരു കൈയില്‍ താമര.)
12. മഹാഗണപതി
ഹസ്തീന്ദ്രാനന മിന്ദുചൂഡമരുണച്ഛായം ത്രിനേത്രം രസദ്
ആശ്ളിഷ്ടം പ്രിയയാസപത്മകരയാ സ്വാങ്കസ്ഥയാസന്തതം
ബീജാപൂരഗദേക്ഷുകാര്‍മുകലസചക്രാബ്ജപാശോല്പല
വ്രീഹ്യഗ്രസ്വവിഷാണരത്ന കലശാന്‍ ഹസ്തൈര്‍വഹന്തം ഭജേ
(അരുണവര്‍ണ്ണം, ശിരസ്സില്‍ ചന്ദ്രക്കല, മൂന്നുകണ്ണുകള്‍, പത്തു കൈകളില്‍ മാതളം, ഗദ, കരിമ്പ്, ചക്രം, പാശം, നീലതാമര, കതിര്, മുറിഞ്ഞകൊമ്പ്, രത്നകലശം, ശേഷിച്ച കൈ ലക്ഷ്മിയെ ചുറ്റിയിരിക്കുന്നു. ലക്ഷ്മിയുടെ ഒരു കൈയില്‍ താമര)
13. ഏകാക്ഷര ഗണപതി
രക്തോ രക്താംഗരാഗാംശുക കുസുമയുതസ്തുന്ദിലച്ചന്ദ്രമൌലിഃ
രത്നൈര്‍യുക്ത സ്ത്രിഭിര്‍വാമനകരചരണോബീജപൂരം ദയാനഃ
ഹസ്താഗ്രാക്ളുപ്തമ പാശാങ്കുശരദവരദോ നാഗവക്ത്രോഹിഭൂഷോ
ദേവഃപത്മാസനസ്ഥോ ഭവതു സുഖകരോ ഭൂതയേ വിഘ്നരാജഃ
( ചുവന്നനിറം, കുറിക്കൂട്ടുകളണിഞ്ഞിരിക്കുന്നു, ചുവന്ന വസ്ത്രം, ചന്ദ്രക്കല, ചെറിയ കൈകാലുകള്‍, നാലുകൈകള്‍: പാശം, അങ്കുശം, അഭയം വരദം, സര്‍പ്പഭൂഷീതനുമാണ്.
14. വരഗണപതി
സിന്ദൂരാഭമിഭാനനം ത്രിനയനം ഹസ്തേച പാശാങ്കുശൗ
ബിഭ്രാനാം മധു മത്കപാലമനിശം സാധ്വിന്ദുമൗലിം ഭജേ
പുഷ്ട്യാശ്ശിഷ്ടതനും ധ്വജാഗ്രകരയോ പത്മോല്ലസദ്ധ്വസ്തയാ
തദ്യോന്യാഹിതപാണി മാത്തവ സുമത്പാത്രോല്ലസത് പുഷ്ക്കരം
( ചുവന്ന നിറം, മൂന്നു കണ്ണുകള്‍, ചന്ദ്രക്കല, നാലുകൈകള്‍: പാശം, അങ്കുശം, വരദം, മറുകൈ പുഷ്ടി ദേവിയെ ചുറ്റുന്നു. ദേവിയുടെ കൈയില്‍ കൊടി)
15. ക്ഷിപ്രപ്രസാദ ഗണപതി
ധൃതപാശാങ്കുശ കല്പലതാ സ്വദന്തശ്ഛ ബീജപൂരയുതഃ
ശശിശകല കലിത മൗലിസ്ത്രിലോചനോരുണാശ്ഛ ഗജവദനഃ
ഭാസുരഭൂഷണ ദീപേ്താ ബൃഹദുദരഃ പത്മവിഷ്ടരോല്ലസിതഃ
വിഘ്നപയോധരപവനഃ കരധൃതകമലഃ സദാസ്തുമേ ഭൂത്യൈ
( അരുണവര്‍ണ്ണം, മൂന്നുകണ്ണുകള്‍, ചന്ദ്രക്കല, താമരയിതളിലിരിക്കുന്നു. നാലുകൈകള്‍, പാശം, അങ്കുശം, സ്വദന്തം, കല്പലത, തുമ്പിക്കൈയില്‍ മാതളം, വിഘ്നങ്ങളെ അകറ്റുന്ന കൊടുങ്കാറ്റാണ് ഗണപതി)
16. ഹരിദ്രാഗണപതി
ഹരിദ്രാഭം ചതുര്‍ബാഹും ഹരിദ്രവദനം പ്രഭും
പാശാങ്കുശധരം ദേവം മോദകം ദന്തമേവ ച
ഭക്താദയപ്രദാതാരം വന്ദേ വിഘ്നവിനാശനം
(മഞ്ഞള്‍നിറം, നാലുകൈകള്‍: പാശം, അങ്കുശം, മോദകം, ദന്തം)
17. ഹേരംബ ഗണപതി
അഭയവരദ ഹസ്തഃപാശ ദന്താക്ഷമാലാ
സൃണിപരശുദധാനോ മുദ്ഗരം മോദകം ച
ഫലമധിഗതസിംഹഃ പഞ്ചമാതംഗ വക്ത്രഃ
ഗണപതിരതിഗൗരഃ പാതുഹേരംബനാമാ
( അഞ്ചുതലകള്‍, പത്തുകൈകള്‍, വെളുത്തനിറം, സിംഹസ്ഥിതന്‍, കൈകളില്‍ പാശം, ദന്തം, അക്ഷരമാല, തോട്ടി, മഴു, മുദ്ഗരം, മോദകം, അഭയം, വരം, മാതളം)
18. ഢൂണ്ഡി ഗണപതി
അക്ഷമാലാം കുഠാരം ച രത്നപാത്രം സ്വദന്തകം
ധത്തേകരൈർവിഘ്നരാജോ ഢുണ്ഡിനാമമുദേസ്തുനഃ
( ചുവന്ന നിറം, നാലുകൈകള്‍: മഴു, രത്നപാത്രം, അക്ഷരമാല, സ്വദന്തം)
19. ത്രിമുഖഗണപതി
ശ്രീമത്തീക്ഷ്ണശിഖാങ്കുശാക്ഷവരദാന്‍
ദക്ഷേ ദധാനഃ കരൈഃ
പാശം ചാമൃതപൂര്‍ണ്ണകുംഭമഭയം
വാമേ ദയാനോ മുദ്രാ
പീഠംസ്വര്‍ണ്ണമയാരവിന്ദ വിലസത്-
കര്‍ണ്ണികാ ഭാസുരേ
സ്വാസീനസ്ത്രിമുഖഃ പലാശരുചിരോ
നാഗാനനഃ പാതു നഃ
( ചുവന്ന പ്ളാശിന്‍ പൂ നിറം, ആറുകൈകള്‍: മൂര്‍ച്ചയേറിയ അങ്കുശം, അക്ഷരമാല, പാശം, അമൃതകുംഭം, വരം, അഭയം – സ്വര്‍ണ്ണത്താമരയില്‍ വിശിഷ്ട സിംഹാസനത്തിലിരിക്കുന്നു)
20. യോഗ ഗണപതി
യോഗാരൂഢോ യോഗപട്ടാഭിരാമോ
ബാലാര്‍ക്കഭശ്ചന്ദ്ര നീലാംശുകാഢ്യഃ
പാശേക്ഷ്വക്ഷാന്‍ യോഗദണ്ഡം ദധാനോ
പായാന്നിത്യം യോഗവിഘ്നേശ്വരോ നഃ
( യോഗാസനത്തിലിരിക്കുന്നു. ചുവപ്പ് നിറം, നീലവസ്ത്രം, നാലു കൈകള്‍, പാശം, കരിമ്പ്, അക്ഷരമാല, യോഗദണ്ഡ്)
21 സങ്കടഹരഗണപതി
ബാലാര്‍ക്കാരുണകാന്തിര്‍വാമേ
ബാലാം വഹന്നങ്കേലസദിന്ദീവരഹസ്താം
ഗൗരാംഗീം രത്ന ശോഭാഢ്യം
ദക്ഷേങ്കുശവരദാനം വാമേ പാശം ച പായസം പാത്രം
നീലാംശുകലസമാനഃ പീഠേപത്മാരുണോതിഷ്ഠന്‍
സങ്കടഹരണപായാത് സങ്കടപുഗാദ് ഗജാനനോ നിത്യം
( ഉദയസൂര്യന്‍റെ വര്‍ണ്ണം, മടിയില്‍ ഒരു പൈതല്‍, നാലുകൈകള്‍, അങ്കുശം, വരദം, പാശം, പായസപാത്രം, ചുവന്നതാമരയിലിരിക്കുന്ന)
22 വിജയഗണപതി
പാശാങ്കുശ സ്വദന്താമ്രഫലവാനാഖുവാഹനഃ
വിഘനം നിഹന്തു നഃ സര്‍വ്വം രക്ത വര്‍ണ്ണോവിനായകഃ
( രക്തംവര്‍ണ്ണം, മൂഷികാസനം, നാലുകൈകള്‍, പാശം, അങ്കുശം, ദന്തം, മാങ്ങ, വിഘ്നങ്ങളെ ഇല്ലാതാക്കാനുള്ള യാത്രയിലാണ്)
23 ഋണമോചക ഗണപതി
പാശാങ്കുശൗ ദന്തജമ്പു ദയാനഃസ്ഫാടികപ്രഭഃ
രക്താംശുകോ ഗണപതിര്‍മുദേ സ്യാദൃണമോചകഃ
( കടബാധ്യതകളൊഴിവാക്കുന്ന ഗണപതി, നാലുകൈകള്‍, പാശം, അങ്കുശം, ദന്തം, അത്തിപ്പഴം: സ്ഫടികനിറം)
24. ഉദ്ദണ്ഡ ഗണപതി
കല്‍ഹാരാംബുജ ബീജപൂരക
ഗദാദന്തേക്ഷുചാപസുമം
ബിഭ്രാണോ മണികുംഭശാലികലശം
പാശംസൃണിം ചാബ്ജകം
ഗൗരാംഗ്യാ രുചിരാരവിന്ദകരയാ
ദേവ്യാ സമാലിംഗിതഃ
ശോണാംഗഃ ശുഭമാതാനോതു ഭജതാ-
മുദ്ദണ്ഡ വിഘ്നേശ്വരഃ
( ചുവന്ന നിറം, താമര കൈയിലുള്ള ദേവി ഗണേശാങ്കസ്ഥയാണ്, പന്ത്രണ്ടുകൈകള്‍: കല്ഹാരം, താമര, മാതളം, ഗദ, ദന്തം, കരിമ്പ്, പുഷ്പം , രത്ന കുംഭം, കതിര്, പാശം, തോട്ടി, താമര)
25. സൃഷ്ടി ഗണപതി
പാശാങ്കുശ സ്വദന്താമ്രഫലവാനാഖ്യ വാഹനഃ
വിഘ്നം നിഹന്തുന ശോണൃസൃഷ്ടിദക്ഷോ വിനായകഃ
( ചുവന്ന നിറം, മൂഷികവാഹനന്‍, സൃഷ്ടിപ്രധാനന്‍, നാലുകൈകള്‍: പാശം, അങ്കുശം, സ്വദന്തം, മാങ്ങ)
26. ദുര്‍ഗ്ഗാ ഗണപതി
തപ്തകാഞ്ചനസങ്കോശശ്ചാഷ്ടഹസ്തോ മഹത്തനുഃ
ദീപ്താങ്കുശം ശരം ചാക്ഷം ദന്തം ദക്ഷേവഹന്‍ കരൈഃ
വാമേ പാശം കാര്‍മുകം ചലതാം ജംബു ദധത്കരൈഃ
രക്താംശുകഃ സദാ ഭ്രയാദ്ദുര്‍ഗ്ഗാഗണപതിര്‍മുദെ
( വലിയ ദേഹം, ഉരുകുന്ന സ്വര്‍ണ്ണത്തിന്‍റെ നിറം, ചുവന്ന വസ്ത്രം, എട്ട് കൈകള്‍, ജ്വലിക്കുന്ന അങ്കുശം, ശരം, അക്ഷമാല, ദന്തം, പാശം, കരിമ്പ്, കല്പലത, അത്തി)
27. ഊര്‍ദ്ധ്വഗണപതി
കല്ഹാരശാലികമലേക്ഷുകചാപബാണ-
ദന്തപ്രരോഹഗദി കനകോജ്ജ്വലാങ്കഃ
ആലിംഗനോദ്യതകരോ ഹരിതാംഗയഷ്ട്യാഃ
ദേവ്യാ കരോതു ശുഭമൂര്‍ദ്ധ്വഗണാധിപോ മേ
( സ്വര്‍ണ്ണനിറം, ഹരിതവര്‍ണ്ണയായ ദേവീ, എട്ടുകൈകള്‍: ഒന്ന് ദേവിയെ ചുറ്റിയിരിക്കുന്നു,
കല്ഹാരപുഷ്പം, കതിര്, താമര, കരിമ്പ്, ബാണം, ദന്തം ഗദ
28. ദ്വിമുഖ ഗണപതി
സ്വദന്ത പാശാങ്കുശ രത്നപാത്രം
കരൈര്‍ദധാനോ ഹരിനീലഗാത്രഃ
രക്താംശുകോ രത്നകിരീട മൗലി
ഭൂത്യൈ സദാ മേ ദ്വിമുഖോ ഗണേശഃ
( രണ്ടുമുഖം, പച്ചയും നീലയും കലര്‍ന്ന നിറം, രക്തവസ്ത്രം, രത്നകിരീടം, നാലുകൈകള്‍: സ്വദന്തം, പാശം, അങ്കുശം, രത്നപാത്രം)
29. നൃത്ത ഗണപതി
പാശാങ്കുശാപൂപകുഠാരദന്ത-
ചഞ്ചത്ക്കാരാക്ളുപ്തവരാംഗുലിയകാന്‍
പീതപ്രഭം കല്പതരോരധസ്ഥം
ഭജാമി നൃത്തോപപദം ഗണേശം
( മഞ്ഞനിറം, കല്പവൃക്ഷത്തിനടിയില്‍ നൃത്തം ചെയ്യുന്നു. നാലു കൈകള്‍: പാശം, അങ്കുശം, മഴു, ദന്തം, തുമ്പിക്കൈയില്‍ ഉണ്ണിയപ്പം)
30. ത്രൃക്ഷരഗണപതി
ഗജേന്ദ്രവദനം സാക്ഷാച്ചലത്കര്‍ണ്ണസുചാമരം
ഹേമവര്‍ണ്ണം ചതുര്‍ബാഹും പാശാങ്കുശധരം വരം
സ്വദന്തം ദക്ഷിണേഹസ്തേ സവ്യേത്വാമ്രഫലം തഥാ
പുഷ്കരേ മോദകം ചൈവ ധാര യന്തമനുസ്മരേത്.
( സ്വര്‍ണ്ണനിറം, വലിയ ചെവി വീശുന്നു, നാലുകൈകള്‍: പാശം, അങ്കുശം, വരം, ദന്തം+മാങ്ങ, തുമ്പിക്കൈയില്‍ മോദകം)
31. ഏകദന്ത ഗണപതി
ലംബോദരം ശ്യാമതനും ഗണേശം
കുഠാരമക്ഷസ്രജമൂര്‍ദ്ധ്വഗാത്രം
സലഡ്ഡുകം ദന്തമധഃ കരാഭ്യാം
വാമേതരാഭ്യാം ച ദധാനമീഡേ
( കറുത്തനിറം, നിവര്‍ന്ന് നില്‍ക്കുന്നു, നാലുകൈകള്‍, മഴു, അക്ഷരമാല, ദന്തം, ലഡ്ഡു)
32. സിംഹ ഗണപതി
വീണാം കല്പലതാമരിം ച വരദം ദക്ഷേവിധത്തേ കരൈര്‍-
വാമേ താമരസം ച രത്ന കലശംസന്മഞ്ജരീം ചാഭയം
ശുണ്ഡദണ്ഡലസന്മൃഗേന്ദ്ര വദനഃശംഖേന്ദുഗൗരഃ ശുഭോ
ദിവ്യദ്രത്ന നിഭാംശുകോ ഗണപതിഃപായാദപായാത്സനഃ
( സിംഹമുഖവും തുമ്പിക്കൈയും നിലാവിന്‍റെ നിറം, എട്ടുകൈകള്‍: വീണ, കല്പലത, ചക്രം, വരം, താമര, രത്നകലശം, പൂക്കള്‍, അഭയം)
ഇതാണ് 32 ഗണേശ രൂപങ്ങൾ. പ്രൊ ഗണേശന്റെയും ധ്യാന ശ്ലോകവും നൽകിയിട്ടുണ്ട് . ഇനി ഓരോ ഗണേശന്മാരെയും പ്രത്യേകം വ്യാഖ്യാനിക്കാം എന്ന് കരുതുന്നു
ജയ് മാ
കിരൺ
















Comments