എറണാകുളം: കേസന്വേഷണത്തിനായി കേരളത്തിലെത്തിയ കർണാടക പോലീസിനെ കേരളാ പോലീസ് അറസ്റ്റ് ചെയ്തു. പണം തട്ടാൻ ശ്രമിച്ചു എന്നാരോപിച്ചാണ് കൊച്ചി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത കർണാടക പോലീസ് സംഘത്തിൽ ഒരു ഇൻസ്പെക്ടറും നാല് കോൺസ്റ്റബിൾമാരുമാണ് ഉള്ളത്. കർണാടകയിൽ രജിസ്റ്റർ ചെയ്ത ഒരു തട്ടിപ്പ് കേസ് അന്വേഷിക്കുന്നതിനാണ് സംഘം കേരളത്തിൽ എത്തിയതെന്ന് കൊച്ചി പോലീസ് പറഞ്ഞു.
എന്നാൽ കേരളത്തിൽ എത്തിയ സംഘം രണ്ട് പ്രതികളെ പിടികൂടുകയും അവരെ വെറുതെ വിടാൻ പണം ആവശ്യപ്പെടുകയും ചെയ്തു. പ്രതികളിൽ ഒരാൾ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്ന പെൺകുട്ടിയാണ് കൊച്ചി പോലീസിനെ ഇക്കാര്യം അറിയിച്ചത്. തുടർന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിലെടുത്ത നാല് പോലീസുകാർക്കെതിരെയും പണം തട്ടിയതിന് കേസെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് സായിധരൻ പറഞ്ഞു.
കർണാടകയിൽ നടന്ന ഓൺലൈൻ ക്രിപ്‌റ്റോകറൻസി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനാണ് സംഘം കൊച്ചിയിലെത്തിയത്. അഖിൽ, നിഖിൽ എന്നീ രണ്ടുപേരെയാണ് കേസിൽ കർണാടക പോലീസ് പിടികൂടിയത്. തുടർന്ന് അവരെ മോചിപ്പിക്കാൻ ഓരോരുത്തരിൽ നിന്നും 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. നിലവിൽ പ്രതികളിലൊരാൾ ഒരു ലക്ഷം രൂപയും മറ്റൊരാൾ 2.95 ലക്ഷം രൂപയും നൽകിയെന്നാണ് റിപ്പോർട്ട്. കർണാടക പോലീസിന്റെ സമ്മർദ്ധത്തിൽ പെട്ടതോടെയാണ് പ്രതികളിലൊരാൾ തന്റെ ഭാവി വധുവിനോട് കാര്യം പറയുകയും ഇവർ മുഖേനെ കൊച്ചി പോലീസിൽ വിവരമറിയിക്കുകയും ചെയ്തത്.
തുടർന്ന്, കേരള പോലീസ് നടപടിയെടുക്കുകയും കർണാടക പോലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അവരുടെ വാഹനത്തിൽ നിന്ന് 3.95 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നു, വിഷയം അന്വേഷിക്കാൻ കർണാടക പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൊച്ചിയിലെത്തി.
















Comments