ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും പിന്തുടരുകയും ക്ഷേത്ര ദർശനങ്ങൾ നടത്തുകയും ചെയ്യുന്ന താരമാണ് സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറ അലി ഖാൻ. ക്ഷേത്ര ദർശനങ്ങൾക്ക് പിന്നാലെ താരം സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്‌ക്കാറുമുണ്ട്. പിന്നാലെ രൂക്ഷ സൈബർ ആക്രമണവും നടിയ്‌ക്ക് നേരെയുണ്ടാകാറുണ്ട്. അത്തരം ആക്രമണങ്ങൾ നടത്തുന്നവർക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് താരം.
തൊഴിൽപരമായ വിമർശനങ്ങളും ആക്ഷേപങ്ങളെയും താൻ സ്വാഗതം ചെയ്യുന്നു. കാരണം താൻ പ്രേക്ഷകർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. താൻ ചെയ്യുന്നത് മറ്റുള്ളവർക്ക് ഇഷ്ടമായില്ലെങ്കിൽ തീർച്ചയായും തുറന്നു പറയണം. കാരണം തെറ്റുകൾ തിരുത്ത് മുന്നേറാൻ അത് സഹായകമാണ്. എന്നാൽ തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും താരം തുറന്നടിച്ചു. മതപരമായ കാര്യങ്ങളിലോ വസ്ത്രധാരണ രീതികളിലോ ഇടപെടാൻ ആരുമല്ല നിങ്ങൾ. വസ്ത്രധാരണ രീതിയിലോ അല്ലെങ്കിൽ നനഞ്ഞ മുടിയുമായി വിമാനത്താവളത്തിൽ കാണുകയോ ചെയ്താൽ, ആരെങ്കിലും വിമർശനവുമായി രംഗത്തെത്തിയാൽ താൻ അത് കാര്യമാക്കാറില്ലെന്നും സാറ അലി ഖാൻ വ്യക്തമാക്കി.
തന്റെ ജീവിതത്തിലോ പ്രവർത്തികളിലോ മറ്റ് ബാഹ്യ ഇടപെടലുകൾ ഒന്നും തന്നെയുണ്ടായിട്ടില്ലെന്നും ആന്തരികവും അന്തർലീനവുമായ ഗുണങ്ങളോടെയാണ് താൻ വളർന്നതെന്നും താരം പറഞ്ഞു. തന്നെ കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തന്നെ അമ്പരിപ്പിച്ചിട്ടില്ലെന്നും അതാണ് മുന്നോട്ട് നയിക്കുന്നതെന്നും സാറ അലി ഖാൻ സൂചിപ്പിച്ചു. താൻ ഇന്നും റഷ്യൻ ചരിത്രം പഠിക്കാൻ പോയ പെൺകുട്ടി തന്നെയാണെന്നും അവർ പറഞ്ഞു.
നേരത്തെയും സാറ അലി ഖാന് നേരെ സൈബർ ആക്രമണം നടന്നിട്ടുണ്ട്. താരത്തിന്റെ മതവിശ്വാസങ്ങളെ കുറിച്ചുള്ള വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമെതിരെ താരം തന്നെ രംഗത്ത് വന്നിരുന്നു. തന്റെ വ്യക്തിപരമായ വിശ്വാസങ്ങൾ തന്റേതാണെന്നും ബംഗ്ലാ സാഹിബിലോ മഹാകാലോ സന്ദർശിക്കുന്ന അതേ ഭക്തിയോടെ തന്നെ താൻ അജ്മീർ ഷെരീഫിലേക്കും പോകുമെന്നാണ് അന്ന് താരം പറഞ്ഞത്. ആളുകൾക്ക് എന്താണ് ആവശ്യമെന്ന് അവർക്ക് തുറന്ന പറയാവുന്നതാണ്, അതിൽ തനിക്ക് പ്രശ്‌നമില്ലെന്നും അവർ പറഞ്ഞിരുന്നു.
Comments