ഗണപതി ക്ഷേത്രങ്ങളിൽ മാത്രമല്ല ഗണപതി പ്രതിഷ്ഠയുള്ള മിക്ക ക്ഷേത്രങ്ങളിലെയും പതിവാണ് ഗണപതിയ്‌ക്ക് തേങ്ങ ഉടയ്‌ക്കുകയെന്നത്. ഏത് കാര്യത്തിനും വിഘ്‌നങ്ങൾ അകറ്റാനാണ് ഗണപതിയെ പ്രാർത്ഥിച്ച് തേങ്ങ ഉടയ്‌ക്കുന്നതെന്ന് വിശ്വാസം. നാളികേരം മനുഷ്യ ശരീരത്തിന് തുല്യമാണെന്നാണ് സങ്കൽപ്പം. പുറമേ നാരുകളുള്ള കട്ടിയുള്ള ചിരട്ടയ്‌ക്കുള്ളിൽ മാസംളമായ ഭാഗവും അതിനുള്ളിൽ ജലവും ഉള്ളതിനാലാണ് നാളികേരത്തെ മനുഷ്യ ശരീരത്തോട് ഉപമിക്കാൻ കാരണം. നാളികേരം ഉടയ്‌ക്കുന്നതിലൂടെ തന്നെ തന്നെയും താൻ എന്ന ഭാവത്തേയും ഈശ്വരന് സമർപ്പിക്കുകയാണ് എന്നതാണ് വിശ്വാസം. ഗണങ്ങളുടെ നായകനായ ഗണപതിയ്‌ക്ക് മൂന്ന് കണ്ണുള്ള തേങ്ങ ഉടയ്‌ക്കുന്നതിലൂടെ സർവ്വദോഷങ്ങളും നീങ്ങും എന്നാണ് വിശ്വാസം.
തേങ്ങ മനുഷ്യ ശരീരത്തിന് തുല്യമാണ് എന്നാണ് പറയുന്നത്. കാരണം തേങ്ങ ഉടയ്‌ക്കുമ്പോൾ മനുഷ്യനും ദേവനും ഒന്നായി ചേരുന്നു. ഭക്തന് ഭഗവാനോടുള്ള ആത്മീയ സമർപ്പണമാണ് തേങ്ങയുടക്കുന്നതിലൂടെ സംഭവിക്കുന്നത്. ഉദ്ദിഷ്ട കാര്യ ഫലസിദ്ധിയ്‌ക്കായി നിരവധി പേരാണ് ദിനവും ഗണപതി ക്ഷേത്രത്തിൽ നാളികേരമുടയ്‌ക്കുന്ന വഴിപാട് നടത്തുന്നത്. നമ്മൾ വിചാരിച്ച കാര്യം സംഭവിക്കുമ്പോൾ നാളികേരം ഉടയുമെങ്കിൽ അഭീഷ്ടം സാധിക്കുമെന്നും ഉടഞ്ഞില്ലെങ്കിൽ അതിന് വിഘ്‌നം നേരിടേണ്ടി വരുമെന്നും അനിഷ്ടസംഭവം നടക്കും എന്നുമാണ് വിശ്വാസം. ശുഭകാര്യങ്ങൾക്ക് മുൻപായി പൂജിച്ച നാളികേരം രണ്ടായി ഉടച്ച് ശുഭ-അശുഭ ഫലങ്ങൾ നോക്കുന്ന പതിവുണ്ട്.
മനുഷ്യർ വളരെ വേഗത്തിലാണ് നെഗറ്റീവ് എനർജിയിലേക്ക് ആകൃഷ്ടരാകുന്നത്. അഹം, കോപം, നെഗറ്റീവ് ചിന്തകൾ എന്നിങ്ങനെയുള്ള മോശം ഗുണങ്ങൾ ഈ സമയത്താണ് പ്രകടമാകുന്നത്. ഓരോ തേങ്ങയും ഉടയക്കുന്നതിലൂടെ ഉള്ളിലെ പോസറ്റീവ് എനർജിയെ പുറത്തേക്ക് കൊണ്ടുവരാൻ കഴിയുന്നു. നാളികേരം ഉടയ്‌ക്കുമ്പോൾ അത് പൊള്ളയായ സ്വഭാവത്തെ ഇല്ലാതാക്കി അകമേയുള്ള കാമ്പിനെ പുറത്തേക്ക് കാണിക്കുന്നുവെന്നാണ് വിശ്വാസം. തേങ്ങ ഉടയ്‌ക്കുന്നത് കൃത്യം പകുതി ആയാണെങ്കിൽ ആഗ്രഹം സഫലമാകുമെന്നും ശുഭമായി കലാശിക്കുകയും ചെയ്യുന്നു. വശങ്ങൾ ചരിഞ്ഞാണ് തേങ്ങ ഉടയുന്നതെങ്കിൽ ഉദര സംബന്ധമായ അസ്വസ്ഥതകളും നാളികേരത്തിന്റെ കണ്ണുകൾ പൊട്ടിയാൽ അതീവ ദുഃഖവും മുകൾ ഭാഗത്താണെങ്കിൽ കുടുംബനാഥന് ആപത്തും സംഭവിക്കുമെന്നാണ് വിശ്വാസം.
ഉടച്ച തേങ്ങ കഴിക്കാമോ എന്നതും പലരുടെയും സംശയമാണ്. ഹൈന്ദവ വിശ്വാസ പ്രകാരം ഗംണപതിയ്‌ക്ക് മുൻപിൽ ഉടച്ച തേങ്ങ കഴിക്കാൻ പാടില്ലെന്നാണ് വിശ്വാസം. ദോഷങ്ങളും ദുരിതങ്ങളും മാറി പോകുക എന്ന സങ്കൽപ്പത്തിലാണ് ഗണപതിയ്‌ക്ക് തേങ്ങ ഉടയ്‌ക്കുന്നത്. അങ്ങനെ നമ്മുടെ ദോഷങ്ങളെ സങ്കൽപ്പിച്ച് ഉടയ്‌ക്കുന്ന തേങ്ങ വീണ്ടും എടുക്കുകയും കഴിക്കുകയും ചെയ്യുന്നതിലൂടെ അവ തിരിച്ച് നമ്മിലേക്ക് തന്നെ വരുമെന്നാണ് വിശ്വാസം.
Comments