ജയ്പുര്‍: രാജസ്ഥാനിലെ കൽക്കരി ചൂളയിൽ 12 വയസ്സുകാരിയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. ഭില്‍വാരയിലെ ഒരു ഗ്രാമത്തിലെ ഇഷ്ടിക ചൂളയിൽ നിന്നാണ് ബുധനാഴ്ച കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തശേഷം ജീവനോടെ കത്തിച്ചെന്നാണ് പോലീസിന്റെ സംശയം.
ബുധനാഴ്ച രാവിലെ പെൺകുട്ടി അമ്മയോടൊപ്പം ആടിനെ മേയിക്കാൻ പോയിരുന്നു. ഉച്ചയോടെ അമ്മ തിരികെ വീട്ടിൽ എത്തിയെങ്കിലും കുട്ടി എത്തിയിരുന്നില്ല. ഇതോടു കൂടി ആശങ്കയിലായ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഇതിനിടെ ആയിരുന്നു പ്രദേശത്തെ ഇഷ്ടിക ചൂളയിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തിരച്ചിലിനിടെ ഇഷ്ടികചൂളയ്‌ക്കരികില്‍ ഒരു വള കണ്ടതോടെ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്ത ശേഷം ജീവനോടെ ചൂളയിലെറിഞ്ഞതായാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. കൂടുതല്‍പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ചൂളയ്‌ക്കുള്ളില്‍ ഉണ്ടായിരിക്കാമെന്നും സംശയങ്ങളുണ്ട്.
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ വൻ പ്രതിഷേധമായിരുന്നു. പെൺകുട്ടിയ്‌ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാർ ഒന്നടങ്കം രംഗത്ത് വന്നിരുന്നു. സംസ്ഥാനത്ത് പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. സംസ്ഥാന സർക്കാരിനെതിരെ ബിജെപിയും രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് ഭരണത്തില്‍ രാജസ്ഥാനിലെ സ്ത്രീസുരക്ഷ ഒരു തമാശയായി മാറിയെന്നായിരുന്നു ബി.ജെ.പി. നേതാവ് വിക്രം ഗൗഡ പ്രതികരിച്ചത്.
















Comments