ബാർബഡോസ്: ഏകദിന പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യ ടി20ക്ക് ഇറങ്ങുന്നത് വലിയ ആത്മവിശ്വാസത്തിൽ. ഇന്ന് അവസരം കിട്ടി തകർത്തടിച്ചാൽ മലയാളി താരം സഞ്ജു സാംസണെ കാത്തിരിക്കുന്നത് നിർണായകമായ ഒരു റെക്കോർഡാണ്. ടി20 ഫോർമാറ്റിൽ 6000 റൺസെന്ന നാഴികക്കല്ലാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.
21 റൺസ് നേടിയാൽ റെക്കോർഡ് സ്വന്തമാക്കാം. ഐപിഎല്ലില്ലും ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യൻ ടീമിനുമായി 241 മത്സരങ്ങൾ പൂർത്തിയാക്കി സഞ്ജു 5979 റൺസാണ് നേടിയത്. ഇക്കാര്യത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഒന്നാമാൻ. 374 ടി20 മത്സരങ്ങളിൽ നിന്ന് കോലി 11,965 റൺസ് നേടി.
ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് ട്രിനിഡാഡിലാണ് മത്സരം. ടിവിയിൽ ഡിഡി സ്‌പോർട്‌സിൽ മത്സരം തത്സമയം കാണാം. ജിയോ സിനിമയിലും ഫാൻകോഡ് ആപ്പിലും മത്സരത്തിന്റെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരമാണിത്.ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കും വിരാട് കോഹ്ലിക്കും വിശ്രമം നൽകിയതിനാൽ ഹർദിക് പാണ്ഡ്യയാണ് നായകൻ.
സഞ്ജുവിനൊപ്പം യശസ്വി ജയ്‌സ്വാളും ഇന്ന് പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചേക്കും. . റോമൻ പവൽ നയിക്കുന്ന ടീമിലേക്ക് എംഎൽഎസ് ഫൈനലിൽ സെഞ്ച്വറിയോടെ എംഐ ന്യൂയോർക്കിന് കിരീടം നേടിക്കൊടുത്ത നിക്കോളസ് പുരാനെ മടക്കി വിളിച്ചിട്ടുണ്ട്.
Comments