തിരുവനന്തപുരം: കോളേജ് പ്രിൻസിപ്പൽമാരെ 43 അംഗ അന്തിമ പട്ടികയിൽ നിന്ന് തന്നെ നിയമിക്കണമെന്ന നിർദ്ദേശവുമായി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. യോഗ്യതയുള്ളവരെ രണ്ടാഴ്ചയ്‌ക്കുള്ളിൽ താത്കാലികമായി നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്തെ ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ പ്രിൻസിപ്പൽമാരായി പിഎസ്സി അംഗീകരിച്ച 43 പേരുടെ പട്ടിക കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ചിരുന്നു. എന്നാൽ ഇതിനെ കരട് പട്ടികയായി പരിഗണിച്ചാൽ മതിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർദ്ദേശിച്ചത് വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് ട്രൈബ്യൂണലിന്റെ നിർദ്ദേശം. പിന്നാലെ നിർദ്ദേശം നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയിലാണ് 43 അംഗ പട്ടിക പ്രസിദ്ധീകരിച്ചത്. ഈ പട്ടികയിൽ നിന്ന് മാത്രമേ പ്രിൻസിപ്പൽമാരെ നിയമിക്കാവുവെന്ന് 24-ന് പ്രസിദ്ധീകരിച്ച ട്രൈബ്യൂണിലിൽ വീണ്ടും നിർദ്ദേശിച്ചിരുന്നു. 66 ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ നാലിടത്ത് മാത്രമാണ് നിലവിൽ പ്രിൻസിപ്പൽമാരുള്ളത്. 2018-ന് ശേഷം ഈ കോളേജുകളിലൊന്നും പ്രിൻസിപ്പൽ നിയമനം നടന്നിട്ടില്ല.
Comments