തിരുവനന്തപുരം: കേരളാ ബാങ്കിൽ ക്ലറിക്കൽ തസ്തികയിലേക്കുളള സ്ഥാനകയറ്റത്തിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ച പ്യൂണിനെ സസ്‌പെൻഡ് ചെയ്തു. ഇടത് പക്ഷ സംഘടനാ നേതാവും ഈരാറ്റുപേട്ട ശാഖയിലെ പ്യൂണുമായ പി അജയനെയാണ് സസ്‌പെൻഡ് ചെയ്തത്.
സംസ്ഥാന സഹകരണ നിയമപ്രകാരം ബികോം കോർപ്പറേഷൻ ബിരുദമാണ് കേരള ബാങ്കിൽ പ്യൂൺ തസ്തികയിൽ ജോലിയ്‌ക്ക് കയറുന്നവർക്ക് ഉന്നത സ്ഥാനകയറ്റത്തിനുളള യോഗ്യത. ഇതിലൂടെ ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തിക വരെ നിയമനം ലഭിക്കും. പത്താം ക്ലാസ്സും ജൂനിയർ ഡിപ്ലോമ ഇൻ കോർപ്പറേഷനും (ജെഡിഡി) ഉണ്ടെങ്കിൽ പ്രമോഷൻ കിട്ടുമെങ്കിലും ക്ലറിക്കൽ തസ്തികയ്‌ക്ക് മുകളിൽ സ്ഥാനകയറ്റം ലഭിക്കില്ല.
കേരള ബാങ്കിന്റെ നിയമനങ്ങൾ പിഎസ്സി പരിധിയിലാണെങ്കിലും പിഎസ്സി ചട്ടവും മറ്റു ഭേദഗതിയും നടക്കുന്നേയുള്ളൂ. പിഎസ്‌സി നിയമനങ്ങൾ നടപ്പിലാക്കുന്നതിന് മുൻപേ പരാമാവധി ആളുകൾക്ക് സ്ഥാനകയറ്റം നൽകാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദം.
രാജസ്ഥാനിലെ ഹരിദേവ് ജോഷി യൂണിവേഴ്‌സിറ്റി ഓഫ് ജേർണലിസം ആൻഡ് മാസ്‌കമ്മ്യൂണിക്കേഷനിൽ നിന്നുളള സർട്ടിഫിക്കറ്റാണ് അജയൻ ഹാജരാക്കിയത്. രഹസ്യ പരാതിയെ തുടർന്ന് ലഭിച്ച അനേഷ്വണത്തിലാണ് സർട്ടിഫിക്കറ്റ് വ്യാജമെന്ന് തിരിച്ചറിഞ്ഞത്. രഹസ്യ പരിശോധനക്കയച്ച സർട്ടിഫിക്കറ്റ് തങ്ങളുടേതല്ലെന്നും ബികോം കോഴ്‌സ് നടത്തുന്നില്ലെന്നും സർവ്വകാലാശാല രജിസ്ട്രാർ അറിയിച്ചതിനെ തുടർന്നാണ് സസ്‌പെൻഷൻ. സ്ഥാനക്കയറ്റം ലഭിച്ചവരുടെ സർട്ടിഫിക്കറ്റും പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
















Comments