തിരുവനന്തപുരം:നാമജപഘോഷയാത്രക്കെതിരെ കേസെടുത്ത പിണറായി സർക്കാർ നടപടിക്കെതിരെ എൻഎസ്എസ് ഹൈക്കോടതിയിലേക്ക്. പരസ്യ പ്രതിഷേധത്തിനൊപ്പം നിയമനടപടിയും ശക്തമാക്കും. ഇതിൽ എൻഎസ്എസിന് പൂർണ പിന്തുണയുമായി കൂടുതൽ ഹൈന്ദവ സംഘടനകളും രംഗത്തെത്തി.
വിശ്വാസസംരക്ഷണ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം പാളയത്ത് നിന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടത്തിയിരുന്നു. എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നാമജപഘോഷയാത്ര നടത്തിയതിനാണ് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കി കേരള പോലീസ് കേസെടുത്തത്. 1000 ത്തോളം പ്രവർത്തകർക്കെതിരെയും കേസെടുത്തിരുന്നു. തികച്ചും സമാധാനപൂർവം പൊതുമുതൽ നശിപ്പിക്കാതെയും പ്രകോപനമുദ്രാവാക്യങ്ങൾ ഇല്ലാതെയും നടത്തിയ പ്രതിഷേധത്തെ കേസെടുത്ത് നേരിട്ടത് പ്രതികാര നടപടിയായും അധികാര ദുർവിനിയോഗമായും വിലയിരുത്തുന്നു.
കേസിനെ നേരിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കേസെടുത്ത നടപടിയെ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിക്കാനാണ് എൻഎസ്എസിന്റെ നീക്കം. ഇത് സംബന്ധിച്ച് വിശദമായ നിയമോപദേശം ലഭിച്ചതായാണ് സൂചന. പൊതുസ്ഥലങ്ങളില്‍ ജാഥകളോ സമരങ്ങളോ നടത്താന്‍ പാടില്ലെന്ന നിയമം ലംഘിച്ചുള്ള ന്യായവിരുദ്ധ സംഘംചേരല്‍ എന്നതാണ് എൻഎസ്എസിനെതിരെ ചുമത്തിയിരിക്കുന്ന പ്രധാനകുറ്റം. ഗതാഗതതടസം സൃഷ്ടിച്ചു, അനുവാദമില്ലാതെ മൈക്ക് സെറ്റ് ഉപയോഗിച്ചു, പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു തുടങ്ങിയ കുറ്റങ്ങള്‍ വേറെയുമുണ്ട്. ഇതോടെ എൻഎസ്എസ് സർക്കാർ ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. അതേസമയം എൻഎസ്എസിന് പൂർണ പിന്തുണയുമായി കൂടുതൽ ഹൈന്ദവ സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്.
Comments