കൊച്ചി: സംസ്ഥാനത്ത് പ്രതിദിനമെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചുളള രേഖകൾ കൈവശമില്ലാതെ സർക്കാർ. തദ്ദേശ സ്ഥാപനങ്ങൾക്ക് വിവര ശേഖരണത്തിന് ഇടപെടാൻ സാധിക്കുന്ന കൃത്യമായ മാർഗരേഖയൊന്നും സർക്കാർ നൽകിയിട്ടില്ല. പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയെ വർഷങ്ങൾക്ക് മുമ്പ് ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ഇതരസംസ്ഥാന തൊഴിലാളിയായ അമീർ ഉൽ ഇസ്ലാമിനെ ശിക്ഷിച്ചതോടെയാണ് ഇതരസംസ്ഥാന തൊഴിലാളികൾക്ക് മേൽ സർക്കാരിന്റെ കണ്ണ് പതിഞ്ഞത്.
ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പും വിവരശേഖരണവും അന്ന് ആരംഭിച്ചെങ്കിലും കൊറോണയുടെ വരവോടെ ഇത് നിലച്ചു. കിഴക്കമ്പലത്ത് കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികൾ പോലീസ് ജീപ്പിന് തീവച്ചതോടെ പോലീസ് വീണ്ടും ഉണർന്നു. തൊഴിലാളികൾക്കായുള്ള ആവാസ് ഇൻഷുറൻസ് കാർഡ് പ്രകാരം റജിസ്റ്റർ ചെയ്തത് 5 ലക്ഷത്തോളം പേരാണ്.
എന്നാൽ പെരുമ്പാവൂരിനും സമീപ പ്രദേശത്തുമായി 5 ലക്ഷത്തിലധികം ഇതരസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. അഞ്ചിനുമുകളിൽ എത്രപേർ ജോലി ചെയ്താലും ആ സ്ഥാപനം ലേബർ ഓഫീസിൽ രജിസ്റ്റർ ചെയ്യണം എന്നാണ് ചട്ടം. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാനടക്കം ഇത് നിർബന്ധമാണ്. എന്നാൽ ചിലവ് കൂടുമെന്ന് ഭയന്ന് പല സ്ഥാപനങ്ങളും അത് ചെയ്യാറില്ല.
തൊഴിലാളികളെ നേരിട്ട് കണ്ട് വിവരം ശേഖരിക്കാനും അത് തുടർച്ചായി പരിഷ്‌കരിക്കാനും സാധിക്കുക തദ്ദേശ സ്ഥാപനങ്ങൾക്കാണ്. സർക്കാരിന് കീഴിലുളള സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചാൽ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം കൃത്യമായി ലഭിക്കും. ഇതോടെ സംസ്ഥാനത്ത് എത്തുന്ന തൊഴിലാളികളുടെ വിവരങ്ങൾ ഇല്ലാതെ ഇരുട്ടിൽ തപ്പേണ്ടി വരുന്ന അവസ്ഥയ്‌ക്കും അറുതി വരും.
















Comments