ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ ഒപ്റ്റിക്കൽ ഫൈബർ ഇറക്കുമതിക്ക് തടയിടാൻ കേന്ദ്രസർക്കാർ. ചൈന, കൊറിയ ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഒപ്റ്റിക്കൽ ഫൈബർ ഇറക്കുമതിക്ക് ഉയർന്ന ആന്റി ഡംബ്ബിങ് ഡ്യൂട്ടി ചുമത്തി. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ് ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. അഞ്ച് വർഷത്തേക്കാണ് അധിക നികുതി. ഗുണനിലവാരം കുറഞ്ഞ വിദേശ ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിനായി ചുമത്തുന്ന അധിക തീരുവയാണ് ആന്റി ഡംബ്ബിങ് ഡ്യൂട്ടി.
ഇതിനുമുൻപും ചൈനയിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ കൃത്രിമ ഉൽപ്പന്നങ്ങൾക്ക് കേന്ദ്രസർക്കാർ ആന്റി ഡംബ്ബിങ് ഡ്യൂട്ടി ചുമത്തിയിട്ടുണ്ട്. കളിപ്പാട്ടങ്ങൾ, സെറാമിക്ക് ഉൽപ്പന്നങ്ങൾ അടക്കം ഈ വിഭാഗത്തിൽ പെടുന്നു. രാജ്യം ഡിജിറ്റലൈസേഷനിലേക്ക് നീങ്ങുമ്പോൾ ഗുണനിലവാരം കുറഞ്ഞ ഫൈബർ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഗുണകരമാവില്ല എന്ന വിലയിരുത്തലും തീരുവയ്‌ക്ക് പിറകിൽ ഉണ്ട്. ഭാരത് നെറ്റ് റൂറൽ ഔട്ട റീച്ച് പ്ലാൻ പ്രകാരം ഗ്രാമങ്ങളിൽ 4ജി 5ജി നെറ്റ്വർക്കുകൾ സ്ഥാപിക്കുന്ന പദ്ധതി അധിവേഗം പുരോഗമിക്കുകയാണ്.
ആഭ്യന്തര ഉൽപാദകർക്ക് ആശ്വാസമാവുകയാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. വിലകുറഞ്ഞ ഒപ്റ്റിക്കൽ ഫൈബറുകൾ വിപണി കീഴടക്കുന്നതിനെതിരെ ഉത്പാദകർ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. സ്റ്റെർലൈറ്റ് ഇൻഡസ്ട്രീസ്, ബിർള കേബിൾ, ബിർള ഫുർകാവ ഫൈബർ ഒപ്റ്റിക്സ്, എച്ച്എഫ്സിഎൽ എന്നിവയാണ് ഒപ്റ്റിക്കൽ ഫൈബർ മേഖലയിലെ രാജ്യത്തെ പ്രധാന ഉത്പാദകർ.
















Comments