സുന്ദരേശ്വരഭഗവാന്‍ മേഘങ്ങളെ സമുദ്രജലം കുടിപ്പിച്ച ലീലയാണ് പതിനെട്ടാമത്തെ ലീല. അഭിഷേകപാണ്ഡ്യഭൂപതി, സുന്ദരേശ്വരഭഗവാന്റെ ശ്രേഷ്ഠഭക്തരില്‍ ഒരാളായിരുന്നു.നിത്യവും സുന്ദരേശ്വര പൂജ നടത്തിയിരുന്ന അദ്ദേഹം കര്‍പ്പൂരം കത്തിച്ചപ്പോള്‍ ശോഭിക്കുന്ന ഭഗവാന് കര്‍പ്പൂരസുന്ദരന്‍ എന്നനാമം നല്‍കി. രാജാവ് പൂജ ചെയ്തുകൊണ്ടിരുന്നപ്പോള്‍ ദേവേന്ദ്രനും പൂജ ചെയ്യാന്‍ എത്തി.അപ്പോള്‍ പൂജിക്കുവാനുള്ള അവസരം ലഭിക്കാത്തതുകൊണ്ട് രാജാവിന്റെ പൂജ അത്ദുതത്തോട് കൂടി നോക്കിനിന്നു.പൂജയ്‌ക്ക് ശേഷം രാജാവ് സ്വവസതിയിലേക്ക് പോയപ്പോള്‍ ഇന്ദ്രന്‍ ഹേമപത്മാകരത്തില്‍ സ്‌നാനം ചെയ്ത് സ്വര്‍ണ്ണതാമരകള്‍ കൊണ്ട് ഭഗവാനെ ആരാധിച്ചു.
ഇന്ദ്രന്‍ പൂജാനന്തരം ദേവലോകത്തില്‍ എത്തി. സുധര്‍മ്മ എന്ന ദേവസഭയില്‍ സിംഹാസനത്തിലിരുന്നു.അപ്പോള്‍ അദ്ദേഹത്തെ ദര്‍ശിക്കുവാന്‍ വരുണന്‍ എത്തി.ഇന്ദ്രനുമായി സംഭാഷണത്തിലേര്‍പ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് വിയര്‍പ്പുതുള്ളികള്‍ കണ്ടു.അതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ഇന്ദ്രന്റെ മറുപടി ഇതായിരുന്നു.
“ഭൂമിയില്‍ പാണ്ഡ്യരാജ്യത്ത് മഹാദേവന്റെ ഒരു ലിംഗം ഉണ്ട്. അവിടെ ഭഗവാന്‍ സുന്ദരേശൻ എന്ന നാമത്താല്‍ കീര്‍ത്തിക്കപ്പെടുന്നു. പാപങ്ങള്‍ നശിക്കുകയും ആഗ്രഹങ്ങള്‍ സാധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ ലിംഗദര്‍ശനം.പണ്ട് കൃതയുഗത്തില്‍ ( ആദ്യത്തെ യുഗം) എന്റെ വൃത്രഹത്യാചാചം നശിക്കുവാനിടയായത് സുന്ദരേശ്വരലിംഗത്തിന്റെ ദര്‍ശനത്താലാണ്. അന്നുമുതല്‍ ചൈത്രപൗര്‍ണ്ണമിയില്‍ ഞാന്‍ അവിടെ പോയി ഭക്തിപൂര്‍വം പൂജ ചെയ്യാറുണ്ട്.( ചൈത്രം -മേടമാസം .ചിത്തിര നക്ഷത്രവും പൗര്‍ണ്ണമിയും ഒന്നിച്ചുള്ളത് ഈ മാസത്തിലാണ്) ഇന്ന് പൂജയ്‌ക്ക് പോയപ്പോള്‍ പാണ്ഡ്യരാജാവിന്റെ പൂജ കാണാന്‍ സാധിച്ചു.വളരെ നേരം ആ പൂജ കണ്ടുകൊണ്ട് നിന്നതിനുശേക്ഷം ഞാന്‍ ഹേമപത്മാകരത്തില്‍ സ്‌നാനം ചെയ്ത് സുന്ദരേശനെ പൂജിച്ചു.പൂജയ്‌ക്കുശേഷം ഇപ്പോള്‍ എത്തിയതേ ഉള്ളൂ.അതുകൊണ്ടാണ് മുഖത്ത് വിയര്‍പ്പുതുള്ളികള്‍ കണ്ടത്. സുന്ദരേശ പ്രിയയായ മീനാക്ഷിദേവിയുടെ നാമസ്മരണയാല്‍ തന്നെ സര്‍വ്വകാമങ്ങളും സിദ്ധിക്കും. മീനാക്ഷിദേവിയുടെ സന്നിധിയിലുള്ള ഹേമപത്മിനി തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്താല്‍ സകല പാപങ്ങളും നശിക്കും.”
ഇത്രയും കാര്യങ്ങള്‍ ദേവേന്ദ്രനില്‍ അറിഞ്ഞപ്പോള്‍ വരുണന്‍ സ്വന്തം വിഷമാവസ്ഥ അദേഹത്തോട് പറഞ്ഞു.ജലോദരം എന്നൊരു മഹാരോഗം വരുണനു ഉണ്ടാകരാറുണ്ട് . അതാണ് അദ്ദേഹത്തിന്റെ വൈഷമ്യം .അത് നശിപ്പിക്കുവാനുള്ള ഉപായം കൂടി പറഞ്ഞുതരണമെന്ന് ഇന്ദ്രനോട് അഭ്യര്‍ത്ഥിച്ചു.
“മഹാരോഗം ഉള്ള ജനങ്ങള്‍ക്കും മഹാപാപികള്‍ക്കും ഹാലാസ്യനാഥനെ ആശ്രയിച്ചാല്‍ സകലതും മാറിക്കിട്ടും .അതുകൊണ്ട് മധുരയില്‍ പോയി പാണ്ഡ്യന്റെ ഭക്തി പരീക്ഷിച്ചതിനുശേഷം സുന്ദരേശ്വര ഭഗവാനെ ഭക്തിപൂര്‍വ്വം ആരാധിക്കുക സര്‍വ്വകാമങ്ങളും സാധിക്കും.”
ഇന്ദ്രന്‍ പറഞ്ഞത് പ്രാവര്‍ത്തികമാക്കുവാന്‍ വരുണന്‍ സമുദ്രത്തിന്റെ സഹായം തേടി. മധുരയില്‍ മുഴുവന്‍ സമുദ്രജലം വ്യപിപ്പിക്കണമെന്ന് ആജ്ഞാപിച്ചു.ആ ആജ്ഞയില്‍ പരിഭ്രമം ഉണ്ടായി എങ്കിലും സ്വാമിയുടെ ആജ്ഞ അനുസരിക്കേണ്ടതായി ഉള്ളതുകൊണ്ട് സമുദ്രം വലിയ തിരമാലയോടും ഘോരശബ്ദത്തോടും കൂടി മധുരാപുരി മുഴുവന്‍ വ്യാപിച്ചു.ഇത് അവിടെ ഉള്ള ചരാചരങ്ങളെ അതീവ ദുഖത്തിലാഴ്‌ത്തി. സമുദ്രത്തിന്റെ ആക്രമണവും ജലത്തിന്റെ പ്രവാഹവും കണ്ട് ഭയന്ന ജനങ്ങള്‍ ഹാലാസ്യനാഥനെ ശരണം പ്രാപിച്ച് ഇങ്ങനെ പ്രാര്‍ത്ഥിച്ചു.
“മഹാദേവാ സുന്ദരേശാ പ്രഭോ സമുദ്രം പെട്ടെന്ന് ഇവിടെ പ്രവേശിച്ച് നാശം ഉണ്ടാക്കുന്നു.ചന്ദ്രകലാധരാ അങ്ങ് മാത്രമാണ് ഞങ്ങള്‍ക്ക് ആശ്രയം . അങ്ങയുടെ കാരുണ്യം ഇല്ലെങ്കില്‍ ഈ പ്രദേശം ജലം വ്യാപിച്ച് നശിക്കും.”
അഭിഷേകപാണ്ഡ്യരാജാവും പെട്ടെന്ന് സുന്ദരേശ സന്നിധിയില്‍ എത്തി സ്തുതിച്ചു. സ്തുതിയില്‍ സംതൃത്പതനായ ഭഗവാന്‍ ജടാഭാരത്തില്‍ നിന്ന് നാല് മേഘങ്ങളെ വിളിച്ചു.സമുദ്രജലം കുടിച്ച് വറ്റിക്കുവാന്‍ ആവശ്യപ്പെട്ടു.പെട്ടെന്ന് ആ മേഘങ്ങള്‍ ജലം മുഴുവന്‍ കുടിച്ചു വറ്റിച്ചു .അതോടുകൂടി സമുദ്രത്തിന്റെ ആക്രമണം നിലച്ചു. ഇത് എല്ലാവരേയും അത്ദുതപ്പെടുത്തി.മധുരാപുരിയെ ആപത്തില്‍ നിന്ന് രക്ഷിച്ച സുന്ദരേശ്വര ഭഗവാന്റെ ഈ ലീല ഹൃദിസ്ഥമാക്കിയാല്‍ ആപത്തുകള്‍ മാറിക്കിട്ടുമെന്നും ഐശ്വര്യവും മോക്ഷവും ഉണ്ടാകും എന്നും ആണ് ഫലശ്രുത്രി.
അവലംബം: വ്യാസദേവന്‍ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യ സംഹിതയെ അടിസ്ഥാനമാക്കി ചാത്തുക്കുടി മന്നാടിയാര്‍ ഹാലാസ്യ മാഹാത്മ്യം കിളിപ്പാട്ട്.
അടുത്ത ഹാലാസ്യ മാഹാത്മ്യം19 – അതിവര്ഷഭയ വിമോചനം
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
















Comments