തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന വെളിപ്പെടുത്തലുകൾ പുറത്തുവരുന്നതിനിടെ ഇത് സംബന്ധിച്ച് ഇടത് മുന്നണിയിൽ ഭിന്നത. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായി സി.പി.ഐ രംഗത്തുവന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തെ രഞ്ജിത്ത് രാഷ്‌ട്രീയ വത്ക്കരിച്ചു എന്നാണ് സിപിഐയുടെ പരാതി. സംഭവത്തിൽ മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ പിന്തുണച്ചതിലും സി.പി.ഐയുടെ മുതിർന്ന നേതാക്കൾ അതൃപ്തിയുള്ളതായാണ് റിപ്പോർട്ടുകൾ.
രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് സിപിഐയുടെ ആവശ്യം. വിഷയത്തിൽ വിനയന് പൂർണപിന്തുണ നൽകാനും പാർട്ടിക്കുള്ളിൽ ധാരണയായി. രഞ്ജിത്തിനെ മാറ്റണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും വിനായൻ പരാതി നൽകിയിരുന്നു.
വിനയന്റെ പരാതി തുടർനടപടികൾക്കെന്നോണം മുഖ്യമന്ത്രി സാംസ്‌കാരിക മന്ത്രിയ്‌ക്ക് കൈമാറിയിരിക്കുകയാണ്.സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചതിൽ ഇടപെടൽ ഉണ്ടായെന്ന് ജൂറിയംഗങ്ങൾ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.പ്രകാശ്ബാബു ആവശ്യപ്പെട്ടു.
Comments