കണ്ണൂർ: താവം, പാപ്പിനിശേരി മേൽപ്പാലങ്ങളിലൂടെയുള്ള ദുരിത യാത്രയിൽ വലഞ്ഞിരിക്കുകയാണ് കണ്ണൂരിലെ ജനങ്ങൾ. അറ്റകുറ്റ പണികൾ ഏറെ നടത്തിയിട്ടും പാലങ്ങളിലെ കുഴികൾക്കൊരു കുറവുമില്ല. 2018-ലാണ് പാലം ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. ഇതിനിടയിൽ അറ്റകുറ്റപണികൾക്കായി പാലം അടച്ചിട്ടത് നിരവധി തവണയാണ്. കഴിഞ്ഞ വർഷം അറ്റകുറ്റപണികൾക്കായി പാലങ്ങൾ 1 മാസം അടച്ചിട്ടിരുന്നു. പാലാരിവട്ടം പാലം നിർമിച്ച ആർഡിഎസ് കമ്പനിയാണ് ഇരുപാലങ്ങളും നിർമിച്ചത്.
പാലങ്ങൾ നിർമിക്കാനായി 45 കോടിയാണ് ചിലവഴിച്ചത്. എന്നാൽ ഒന്നര വർഷത്തിനുള്ളിൽ മേൽപ്പാലങ്ങളുടെ എക്‌സ്പാൻഷൻ ജോയിന്റുകളിൽ തകർച്ചകൾ സംഭവിച്ചതോടെ പാലങ്ങളുടെ അടിഭാഗങ്ങിലായി വിള്ളലുകളും വന്നു തുടങ്ങി. ഭീതിയിലായ നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയെങ്കിലും വിജിലൻസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ജനങ്ങൾ പറയുന്നു.
മേൽപ്പാലങ്ങളിലെ തെരുവ് വിളക്കുകൾ പ്രവർത്തിക്കാത്തതും യാത്രക്കാർക്ക് വെല്ലുവിളികൾ ഉയർത്തുകയാണ്. കണ്ണൂർ-പയ്യന്നൂർ പാതയിലെ ഗതാഗതക്കുരുക്കുകൾ ഒഴിവാക്കാനായി നിർമിച്ച മേൽപ്പാലങ്ങളിലെ കുഴികളും തകർച്ചയും കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായി കൊണ്ടിരിക്കുകയാണ്. പാലങ്ങളുടെ തകർച്ചയിൽ അടിയന്തിര പരിഹാരം അധികൃതർ കാണണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.
















Comments