കണ്ണൂർ: മിത്ത് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ദിവസങ്ങളുടെ ഇടവേളയിൽ ഇരട്ട നിലപാട് സ്വീകരിച്ചതിന് പിന്നാലെ ഗോവിന്ദനെ തള്ളുന്ന പ്രസ്താവനയുമായി മന്ത്രി മുഹമ്മദ് റിയാസ്. ആരും ഒന്നും തിരുത്തുന്നില്ലെന്നായിരുന്നു ഇക്കാര്യത്തിൽ മന്ത്രിയുടെ പരാമർശം. സ്പീക്കർ എ.എൻ ഷംസീർ മത വിശ്വാസത്തിനെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും റിയാസ് അഭിപ്രായപ്പെട്ടു. ഗണപതി മിത്താണെന്ന് ആദ്യ ദിവസം പറഞ്ഞ എം.വി ഗോവിന്ദൻ വിവാദങ്ങൾ കടുത്തതോടെ ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് നിലപാടിലേക്ക് എത്തിയിരുന്നു. ഒറ്റ ദിവസത്തെ ഇടവേളയ്‌ക്കുള്ളിൽ പാർട്ടി സെക്രട്ടറിക്കുണ്ടായ മലക്കം മറിച്ചിൽ ഏറെ വിവാദമാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആരും ഒന്നും തിരുത്തുന്നില്ലെന്ന അറിയിപ്പുമായി മന്ത്രി മുഹമ്മദ് റിയാസ് എത്തിയത്.
മിത്ത് വിവാദത്തിൽ മത സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് എൻഎസ്എസ് നടത്തുന്നതെന്നും മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒരു മതത്തിനും വർഗീയതയില്ലെന്നും ഒരു വർഗീയതയ്‌ക്കും മതവുമില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം സിപിഎമ്മിന്റെ ഹൈന്ദവ വിരുദ്ധ പരാമർശങ്ങളിൽ തുടർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എൻഎസ്എസ്. തുടർ പ്രക്ഷോഭത്തിന്റെ കാര്യങ്ങൾ തീരുമാനിക്കാനായി നാളെ പെരുന്നയിൽ അടിയന്തര ഡയറക്ടർ ബോർഡ് യോഗം ചേരുമെന്നും എൻഎസ്എസ് നേതൃത്വം അറിയിച്ചു. പാർട്ടി സെക്രട്ടറി നിലപാട് തിരുത്തിയത് പോലെ സ്പീക്കർ എ.എൻ ഷംസീറും പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് എൻ എസ് എസ്.
Comments