ന്യൂഡൽഹി: സിഖ് കൂട്ടകൊലയിലെ ജഗ്ദീഷ് ടൈറ്റ്ലറുടെ പങ്ക് സ്ഥാപിച്ച് ദൃക്‌സാകഷി വിവരണം. സിഖുക്കാരെ കൊലപ്പെടുത്താനും അവരുടെ കടകൾ കൊള്ളയടിക്കാനും കോൺഗ്രസ് നേതാവ് ജഗ്ദീഷ് ടൈറ്റ്ലർ ആഹ്വാനം ചെയ്‌തെന്നാണ് ദൃക്‌സാക്ഷി വിവരണം. 1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ ജഗദീഷ് ടൈറ്റ്ലറിനെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലാണ് ദൃക്സാക്ഷി വിവരണമുള്ളത്. ടൈറ്റ്ലർ തന്റെ കാറിൽ വന്നിറങ്ങി ജനക്കൂട്ടത്തെ കലാപത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി വിവരണത്തിൽ പറയുന്നു.
‘ആദ്യം സിഖുകാരെ കൊല്ലുക, പിന്നീട് അവരുടെ കടകളും വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കുക’. എന്നായിരുന്നു ജഗദീഷ് ടൈറ്റ്ലർ ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടതെന്നും കോൺഗ്രസ് നേതാവ് ജനക്കൂട്ടത്തെ കലാപത്തിന് പ്രേരിപ്പിക്കുകയും അതിന് നേതൃത്വം നൽകുകയും ചെയ്തതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു. തന്റെ മണ്ഡലത്തിലെ കൊലപാതകങ്ങളുടെ എണ്ണം മറ്റ് സ്ഥലങ്ങളുമായി താരതമ്യം ചെയ്യുകയും കൂടുതൽ സിഖുകാരെ ആക്രമിക്കാൻ തന്റെ അനുയായികളോട് ആവശ്യപ്പെടുകയും ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
1984-ലെ സിഖ് വിരുദ്ധ കലാപ കേസിൽ 2023 മെയ് 20-നാണ് ടൈറ്റ്ലറിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിക്കുന്നത്. കൊലപാതകം, കലാപം, ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഏജൻസി ജഗ്ദീഷ് ടൈറ്റ്ലറിനെതിരെ ചുമത്തിയത്.
















Comments