വിഘ്‌നഹന്താവായ ഭഗവാൻ ഗണപതിയുടെ മുന്നിൽ അദ്ദേഹത്തെ വണങ്ങാനായി ചെയ്യുന്ന സവിശേഷമായ അനുഷ്ഠാനമാണ് ഏത്തമിടീൽ.
സാധാരണയായി മറ്റു ദേവീദേവന്മാർക്ക് ഏത്തമിടീൽ ചെയ്യാറില്ല. പ്രത്യേക രീതിയിലുള്ള സ്വശരീര സ്പര്ശനത്തോടെയാണ് ഏത്തമിടുക.
ഇടതുകാൽ ഭൂമിയിൽ ഉറപ്പിച്ച് നിന്നുകൊണ്ട് വലതുകാല്‍ ഇടതുകാലിന്റെ മുന്നിലൂടെ കൊണ്ടുവന്ന് ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി നില്‍ക്കണം. ഇടതുകൈ വലത്തെ ചെവിയിലും വലതുകൈ ഇടതുകൈയുടെ മുന്നിലൂടെ കൊണ്ടുവന്ന് ഇടത്തെ ചെവിയിലും തൊട്ട് നിൽക്കണം. എന്നിട്ട് ശരീരത്തിന്റെ നടുഭാഗം വളച്ചു കുനിഞ്ഞും നിവർന്നുമാണ് ഏത്തമിടുന്നത്. കൈ മട്ട് വളച്ചു കൊണ്ട് വന്നു താഴെ മുട്ടിക്കണം. എങ്കിലേ ഏത്തം പൂർണ്ണമാകൂ.
ഗണപതി ഭഗവാന് ഏറ്റവും ഇഷ്ടമുള്ള അനുഷ്ഠാനമാണ് ഏത്തമിടീൽ. ഇങ്ങിനെ വിനായകന് മുന്നിൽ ഏത്തമിടുന്നതിനു പിന്നിൽ ഒരു കഥയുണ്ട്.
ഒരിക്കൽ സ്ഥിതി കരകനായ ഭഗവാൻ മഹാവിഷ്ണു ശിവകുടുംബത്തെ വൈകുണ്ഠത്തിലേക്കു ക്ഷണിച്ചു. എല്ലാവരും ലോകകാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ടിരുന്നപ്പോൾ ഉണ്ണിയായ ഗണപതി ഭഗവാൻ കാഴ്ചകൾ കാണാൻ വൈകുണ്ഠത്തിലൂടെ അങ്ങോളമിങ്ങോളം നടന്നു. ഈ നടപ്പിനിടെ ഭഗവാന്റെ സുദർശനചക്രം കാണാനിടയായി. ഉണ്ണിഗണപതിക്ക് എന്തു കണ്ടാലും വായിലിടുന്ന സ്വഭാവമാണുള്ളത്. ചക്രായുധവും എടുത്ത് വായിലിട്ടു. എന്നിട്ടു വിഴുങ്ങാൻ ബുദ്ധിമുട്ടു തോന്നിയതുകൊണ്ട് വായില്‍ത്തന്നെ വച്ചു കളിച്ചുകൊണ്ടിരുന്നു. ഒടുവിൽ ചക്രായുധം തിരഞ്ഞ വിഷ്ണുവിന്, വാപൂട്ടി കള്ളത്തരത്തിൽ നില്‍ക്കുന്ന ഗണപതിയെ കണ്ടപ്പോള്‍ കാര്യം മനസ്സിലായി. തിരികെ വാങ്ങാൻ എന്ത് ചെയ്യും.? ഭയപ്പെടുത്തതാണ് പറ്റില്ല. പേടിച്ചു വിഴുങ്ങാൻ സാധ്യതയുണ്ട്. ചിരിപ്പിക്കുക എന്നതാണ് ഏക വഴി.ഉണ്ണി ഗണേശനെ കുടുകുടെ ചിരിപ്പിക്കാന്‍ ഭഗവാന്‍ മഹാവിഷ്ണു ഗണപതിയുടെ മുന്നില്‍നിന്ന് ഏത്തമിട്ടുകാണിച്ചു. പ്രത്യേക ശരീര ചലനങ്ങളോടെ വിഷ്ണു തനിക്കു മുന്നിൽ ഏത്തമിടുന്നതു കണ്ടപ്പോള്‍ ഗണപതി കുടുകുടെ ചിരിച്ചു. ആ സമയത്തു ഉണ്ണി വായ പിറക്കുകയും ചക്രായുധം നിലത്തു വീണു കിട്ടുകയും ചെയ്തു. അങ്ങിനെ ആ ആപത്ത് ഒഴിഞ്ഞു. ഉണ്ണിഗണപതി ഭഗവാനെ സന്തോഷിപ്പിച്ച് വിഘ്നങ്ങള്‍ നീക്കാനുള്ള ഉത്തമ മാർഗ്ഗമാണ് ഏത്തമിടൽ അന്നാണ് അഭിജ്ഞമതം.
കഥകൾ ഇങ്ങനെയാണെങ്കിലും ഏത്തമിടലിന്റെ താന്ത്രിക – യൗഗിക വശം കൂടി കാണേണ്ടതുണ്ട്. ഗണപതിയും എത്തവും തമ്മിൽ താന്ത്രികമായ ബന്ധം കൂടിയുണ്ട്. മനുഷ്യ ശരീരത്തെ പൊതുവെ ഷഡ് ചക്രങ്ങളായി വിഭജിച്ചിട്ടുണ്ട് . ഏറ്റവും താഴെയുള്ള ചക്രമാണ് മൂലാധാരം. ഓരോ ചക്രത്തിനും ഓരോ അധിദേവതയുണ്ട്. മൂലാധാരത്തിന്റെ അധിദേവത ഗണപതിയാണ്. അതിന്റെ ബീജമന്ത്രം “ലം” ആണ് . അതിന്റെ തത്വം പൃഥ്വി തത്വമാണ്. ലം എന്ന ബീജ മന്ത്രത്തിൽ നിന്നാണ് ഗണപതിക്ക് ലംബോദരൻ എന്ന പേര് ലഭിച്ചത്..മൂലാധാരത്തിന്റെ ആകൃതി സമചതുരമാണ്. അതിനാലാണ് ഗണപതിയുമായി ബന്ധപ്പെട്ട എല്ലാം സമചതുരത്തിൽ നിർമ്മിക്കപ്പെടുന്നത്. ഗണപതി ഹോമത്തിന്റെ കുണ്ഡം സമചതുരമാണ് എന്നത് ഓർക്കുക.
മൂലാധാരത്തിലെ ഗണപതി ബോധത്തിന്റെ അധിദേവതയാണ്. ശ്രദ്ധയും, സിദ്ധിയും, ബുദ്ധിയും പ്രദാനം ചെയ്യുന്നത് വിഘ്നേശ്വരനാണ്. നട്ടെല്ലിന് ഏറ്റവും താഴെ മൂലാധാരചക്രത്തിൽ മൂന്നര ചുറ്റുള്ള സർപ്പത്തിന്റെ ആകൃതിയിൽ നിൽക്കുന്ന ശക്തിയാണ് കുണ്ഡലിനി ശക്തി. അതോടൊപ്പം ഇഡ, പിംഗള എന്നീ രണ്ടു നാഡി ഒന്നിച്ചു ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. ഈ രണ്ടു നാഡികളിൽ ഇടതുഭാഗമുള്ളതിനെ ഇഢനാഡീ എന്നും വലതുഭാഗത്തുള്ളതിനെ പിംഗള നാഡീ എന്നും പറയുന്നു. ഏറ്റവും മുകളിലെ സഹസ്രാരപത്മത്തിൽ നിന്നും ഇഡാനാഡി താഴോട്ടുവരുന്നു. ഇത് നട്ടെല്ലിന്റെ ഇടതുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഇത് ശക്തിയുടെ സ്വരൂപമായ ചന്ദ്രനാഡിയാണ് പിംഗള നാഡി താഴെ നിന്നു മുകളിലോട്ട് സഹസ്രാരപത്മത്തിലേയ്‌ക്കുപോകുന്നു. ഇത് നട്ടെല്ലിന്റെ വലതുഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ഇതിനെ സൂര്യനാഡി എന്നും പറയാറുണ്ട്
നട്ടെല്ലിന്റെ അടിഭാഗത്തു സ്ഥിതിചെയ്യുന്ന മൂലാധാര ചക്രം മുതൽ ശിരസ്സിലുള്ള സഹസ്രഹാര ചക്രം വരെയുള്ള ആറു ചക്രങ്ങളെയും അവയുടെ മുഴുവൻ കഴിവും പ്രത്യക്ഷപ്പെടുന്ന രീതിയിൽ കുണ്ഡലിനി പ്രാവർത്തികമാക്കുന്നു. മനുഷ്യന്റെ പ്രവൃത്തികൾ, നേട്ടങ്ങൾ, പരിശീലനങ്ങൾ തുടങ്ങിയവക്കെല്ലാം കാരണഹേതുവായിട്ടുള്ളത് ഈ ആറു ചക്രങ്ങളാണ്. ഏത്തമിടുമ്പോൾ കയ്യും കാലും പിണച്ചു വെക്കുന്നത് സുഷുമ്നയെ ചുറ്റി ഇഡാ -പിംഗള നാഡികളുടെ ക്രമീകരണത്തെ ഉണര്ത്തുവാൻ വേണ്ടിയാണ്.കൈ മുട്ട് കൃത്യമായി താഴെ മുട്ടിക്കണം . അപ്പോഴാണ് ഇത് പൂർത്തിയാവുക. ഇതൊരു യോഗ ക്രിയ ആണ് .
ഏത്തമിടല്‍കൊണ്ട് ശാരീരികമായി വളരെയധികം ഗുണങ്ങള്‍ ഉണ്ട്. ഏത്തമിടൽ ബുദ്ധിയുണര്‍ത്തുന്ന ഒരു വ്യായാമമാണ്. ഈ വ്യായാമ മുറയിലൂടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർധിച്ച് ബുദ്ധിക്കുണർവുണ്ടാകുന്നു. കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഏത്തമിടണം. അഞ്ച്, ഏഴ്, പന്ത്രണ്ട് എന്നിങ്ങനെ ഏത്തമിടലിന്റെ സംഖ്യ വര്‍ധിപ്പിക്കാവുന്നതാണ്.
ഗണപതി ഭഗവാനു മുന്നിൽ ഏത്തമിടുമ്പോൾ ജപിക്കേണ്ട മന്ത്രം
‘വലം കൈയ്യാൽ വാമശ്രവണവുമിടങ്കൈ വിരലിനാൽ
വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയിൽ
നിലം കൈമുട്ടാലെ പലകുറി തൊടുന്നേ അടിയനി-
ന്നലം കാരുണാബ്ധേ, കളക മമ വിഘ്നം ഗണപതേ!’
















Comments