വന്ദേഭാരത് എക്‌സ്പ്രസ് എന്ന ആശയത്തിനും വിജയത്തിനും പിന്നിൽ ആത്മാർത്ഥമായ നിരവധി വ്യക്തിത്വങ്ങളുടെ പങ്കുണ്ട്. ദീർഘകാലം ഇന്ത്യൻ റെയിൽവേയുടെ ഭാഗമായി സേവനം അനുഷ്ഠിച്ച വ്യക്തികളിലൊരാളാണ് സുധാംശു മണി. ഇന്ത്യൻ റെയിൽവേയുടെ ഭാഗമായി നിന്ന പ്രവർത്തനകാലയളവിൽ അദ്ദേഹം പല നിർണായക പദ്ധതികൾക്കും മേൽനോട്ടം വഹിച്ചിരുന്നു. എന്നാൽ അദ്ദേഹം നെഞ്ചോട് ചേർത്തത് വന്ദേ ഭാരതിന്റെ പദ്ധതിയായിരുന്നു. ഇതിന് പിന്നിൽ ഒരു കാരണവുമുണ്ട്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫ്ക്ടറിയിൽ ജനറൽ മാനേജറായ സുധാംശുവും വന്ദേഭാരത് എക്‌സ്പ്രസ് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു.
ആദ്യം ട്രെയിൻ-18 എന്ന് വിളിക്കപ്പെട്ടിരുന്ന ഇത് പിന്നീട് വന്ദേഭാരത് എക്‌സ്പ്രസ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. 2016 ഓഗസ്റ്റ് മുതൽ 2018 ഡിസംബർ വരെയാണ് ചെന്നൈയിലെ ഐസിഎഫിന്റെ ജനറൽ മാനേജരായി സുധാംശു സേവനമനുഷ്ടിച്ചത്. ഇവിടെ തന്നെയാണ് എക്‌സ്പ്രസിന്റെ നിർമാണ കാലഘട്ടവും. തുടക്കം മുതൽ പദ്ധതി പൂർണമാകുന്നത് വരെയും അദ്ദേഹം പദ്ധതിയുടെ ഭാഗമായിരുന്നു.
രാജ്യത്ത് പ്രാദേശികമായി നിർമ്മിച്ച ആദ്യ സെമി-ഹൈസ്പീസ് ട്രെയിൻ എന്ന നിലയിലായിരുന്നു വന്ദേഭാരത് ശ്രദ്ധേയമാകുന്നത്. പിന്നീട് ഇന്ത്യൻ റെയിൽവെയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായി ഇത് മാറുകയായിരുന്നു. വന്ദേഭാരത് എക്‌സ്പ്രസിന്റെ നിർമാണ ഘട്ടത്തിൽ മേൽനോട്ടം വഹിക്കാനായത് വിലമതിക്കാനാകാത്ത അനുഭവമാണെന്ന് അദ്ദേഹം പറയുന്നു. ഒരു കൂട്ടം ആളുകൾ ഒരുമിച്ച് പങ്കിട്ട ഒരു സ്വപ്‌നമാണ് വന്ദേഭാരതെന്ന് സുധാംശു പറയുന്നു.
ഒരു ഘട്ടത്തിൽ ട്രെയിനുകളുടെ നിറം ചുവപ്പിൽ നിന്ന് നീലയിലേക്ക് മാറ്റിയിരുന്നു. വേഗതയായിരുന്നു പദ്ധതിയിൽ പ്രധാന്യം നൽകിയിരുന്ന മറ്റൊരു ഘടകം. ഇൻറഗ്രൽ കോച്ച് ഫാക്ടറിയുടെ കൂട്ടായ പ്രയത്‌നത്തിലൂടെയായിരുന്നു വന്ദേഭാരതിന്റെ രൂപകല്പനയും നിർമ്മാണവും. പദ്ധതിയുടെ നെടുംതൂണായി നിന്ന് പരിശ്രമങ്ങൾക്ക് വിജയത്തിന്റെ തിളക്കമുണ്ടെന്ന് തെളിയിച്ചത് സുധാംശു ആയിരുന്നു. മണിക്കൂറിൽ 180/160 കി.മീ വേഗത കൈവരിക്കാൻ ശേഷിയുള്ള ആദ്യത്തെ തദ്ദേശീയ ട്രെയിൻ സെറ്റായ ട്രെയിൻ 18 വിജയകരമായി പരീക്ഷിച്ചതിന് ശേഷം അദ്ദേഹം റെയിൽവേയിലെ തന്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയായിരുന്നു. അഭിമാനത്തിന്റെ തലയെടുപ്പോടെയുള്ള പടിയിറക്കമെന്ന് നിസംശയം പറയാം.
വന്ദേഭാരത് എക്‌സ്പ്രസ് രാജ്യത്തിന്റെയും റെയിൽവേയുടെയും സ്വപ്‌നങ്ങൾക്കപ്പുറം വളർച്ചയിൽ എത്തിയിരിക്കുന്നവെന്ന് സുധാംശു പറയുന്നു. ആദ്യമായാണ് ഇത്രയും വലിയ ഒരു പദ്ധതിയിലെ ട്രെയിനുകൾ പൂർണ്ണമായും ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നത്. തന്റെ അനുഭവങ്ങൾ മൈ ട്രെയിൻ 18 സ്റ്റോറി എന്ന പേരിൽ അദ്ദേഹം പുസ്തകമാക്കി പുറത്തിറക്കിയിട്ടുണ്ട്.
Comments