വായ്പ എടുക്കാൻ ജാമ്യം നിൽക്കുകയും, പിന്നീട് പുലിവാൽ പിടിക്കുകയും ചെയ്തവർ നിരവധിയാണ്. സുഹൃത്തുക്കൾക്കും കുടുംബകാർക്കും ഒക്കെയായി ബാങ്കുകളിൽ വായ്പകൾ എടുക്കുന്നതിന് ജാമ്യം നിൽക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ ഇക്കാര്യങ്ങൾ പ്രത്യേകം അറിഞ്ഞിരിക്കുക.
* വായ്പ എടുത്തയാൾ കൃത്യമായി പണമടക്കുന്നുണ്ടോയെന്ന് ജാമ്യക്കാരൻ അറിഞ്ഞിരിക്കണം. ജാമ്യം നിൽക്കുന്ന വ്യക്തി വായ്പ എടുക്കുന്ന ആളിനു തുല്യമാണ്. ഏതെങ്കിലും സാഹചര്യത്തിൽ വായ്പ എടുത്ത വ്യക്തി തിരിച്ചടവ് മുടക്കിയാൽ മുഴുവൻ ഉത്തരവാദിത്വം ജാമ്യകാരൻ ആയിരിക്കും. കൂടാതെ വായ്പ എടുത്ത വ്യക്തി മരണപ്പെടുകയോ വായ്പയ്‌ക്ക് ഇൻഷുറൻസ് ഇല്ലാതിരിക്കുകയോ ചെയ്താലും തിരിച്ചടക്കേണ്ടത് ജാമ്യകാരൻ തന്നെ.
* ജാമ്യം നിൽക്കുന്ന വ്യക്തി കരാറിലുള്ള മുഴുവൻ കാര്യങ്ങളും കൃത്യമായി വായിച്ചിരിക്കണം. വായ്പ എടുത്തയാൾ തിരിച്ചടവ് മുടക്കിയാൽ ജാമ്യം നിന്ന വ്യക്തിയുടെ സ്വത്തുക്കൾ ജപ്തി ചെയ്യുവാനുള്ള അവകാശം ബാങ്കിനുണ്ട്. കൂടാതെ ജാമ്യം നിൽക്കുന്ന വ്യക്തി നഷ്ട പരിഹാര കരാറിലും ഒപ്പിടേണ്ടതുണ്ട്.
* വായ്പ എടുത്ത വ്യക്തി തിരിച്ചടവ് നൽകിയില്ലെങ്കിൽ അത് ജാമ്യം നിന്ന വ്യക്തിയുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നതാണ്. ഭാവിയിൽ നിങ്ങൾ ഒരു വായ്പ എടുക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ അത് നിരസിക്കപ്പെടാനോ അല്ലെങ്കിൽ നിങ്ങൾക്ക്് ലഭിക്കേണ്ട വായ്പാ തുക കുറയാനോ ഇട വന്നേക്കാം. ഒരിക്കൽ നിങ്ങൾ ജാമ്യം നിൽക്കാൻ തീരുമാനിച്ച് ജാമ്യ വ്യവസ്ഥയിൽ ഒപ്പിട്ട് കഴിഞ്ഞാൽ പിന്നെ അതിൽ നിന്നും പിന്മാറുക അൽപം പ്രയാസമേറിയ കാര്യമാണ്. വായ്പ എടുത്തയാളും ജാമ്യം നിന്ന ആളും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയാണെങ്കിൽ ജാമ്യക്കാരനെ മാറ്റാനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Comments