തിരുനവന്തപുരം: മുട്ടിൽ മരം മുറി കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാനിരിക്കെ ചർച്ചയായി വനം വകുപ്പിന്റെ കുറ്റപത്രം. 43 കേസുകളാണ് വനം വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ നാല് കേസുകൾ ഒഴിച്ച് ബാക്കി കേസുകളിൽ അന്വേഷണം പൂർത്തിയായിട്ടുണ്ട്. എന്നാൽ കുറ്റപത്രം സമർപ്പിക്കണോ വേണ്ടയോ എന്നതിൽ അന്തിമ തീരുമാനം വനം വകുപ്പ് ഇതുവരെയും കൈകൊണ്ടിട്ടില്ല.
വനം വകുപ്പ് എടുത്ത കേസുകൾ പ്രകാരം 6 മാസം ശിക്ഷയും തുച്ഛമായ പിഴയും മാത്രമാണ് പ്രതികൾക്ക് ലഭിക്കുന്നത്. അതിനാൽ തന്നെ ഈ കുറ്റപത്രം സമർപ്പിക്കണോ എന്ന ആശങ്കയിലാണ് വനം വകുപ്പ്. പ്രതികൾ മേൽക്കോടതിയെ സമീപിച്ചാൽ കേസ് നീണ്ടു പോകുന്നതിനും കാരണമാകും. അതിനാൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കട്ടെ എന്ന നിലപാടിലാണ് വനം വകുപ്പ്.
കുറ്റപത്രം സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് വനം വകുപ്പ് നിയമോപദേശം തേടിയിട്ടുണ്ട്. റവന്യു വകുപ്പിന്റെ ഉത്തരവ് മറയാക്കിയാണ് പ്രതികളായ റോജി അഗസ്റ്റിൻ ,ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ മരങ്ങൾ മുറിച്ചു കടത്തിയത്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം നടപടി പൂർത്തിയാക്കിയ കേസിൽ 78 പേരാണ് പ്രതികൾ. അടുത്ത ആഴ്ച അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കും.
Comments