തിരുവനന്തപുരം: സംസ്ഥാനത്ത് തുടർക്കഥയായി വാട്ടർ അതോറിറ്റിയിലും പിൻവാതിൽ നിയമനം. വാട്ടർ അതോറിറ്റിയിലെ മീറ്റർ റീഡർ തസ്തികയിലാണ് താൽക്കാലിക നിയമനം വ്യാപകമാകുന്നത്. മൂന്ന് വർഷത്തിനിടയിൽ 895 പേരെയാണ് ഈ തസ്തികയിൽ നിയമിച്ചത്. സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവരെയാണ് ഈ തസ്തികയിൽ നിയമിച്ചതെന്ന ആക്ഷേപവും രൂക്ഷമായി ഉയരുന്നുണ്ട്.
കുടുംബശ്രീ വഴി കരാർ നിയമനവും വകുപ്പിൽ നടക്കുന്നുണ്ട്. നിയമനം നടത്തേണ്ട ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകൾ നോക്കുകുത്തിയാകുകയാണ്. നിയമനത്തിനായി എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകളിൽ സങ്കേതിക മികവുളള നിരവധി പേരാണ് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. മാത്രമല്ല പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും ഇതിൽ നിന്നും നിയമനം നടത്തുന്നില്ല. നിയമനത്തിൽ രാഷ്‌ട്രീയ ഇടപെടലുണ്ടെന്നും ആക്ഷേപമുണ്ട്.
അതേസമയം, സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളിൽ ഈ അധ്യയന വർഷം നടത്തിയത് എണ്ണായിരത്തോളം താൽക്കാലിക നിയമനങ്ങളാണ്. ഈ നിയമനങ്ങൾ നടന്നത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ അറിയിക്കാതെയാണ്. യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇവരുടെ പട്ടിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് സ്‌കൂളുകൾ ആവശ്യപ്പെട്ടിട്ടില്ല. രാഷ്‌ട്രീയ താത്പര്യങ്ങളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് സ്‌കൂളുകളിൽ നിയമനം നടന്നത്.
















Comments