ന്യൂഡൽഹി: രാജ്യത്തിന്റെ പുരോഗതിക്കായി കേന്ദ്രസർക്കാർ പ്രവർത്തിക്കുമ്പോൾ പ്രതിപക്ഷം വികസന വിരോധികളായാണ് പെരുമാറുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളുൾപ്പെടെ രാജ്യത്തെ 508 സ്റ്റേഷനുകളുടെ പുനരുദ്ധാരണത്തിന് തറക്കല്ലിടുന്ന അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
രാജ്യത്തിന്റെ വികസനത്തെ രാഷ്‌ട്രീയത്തിന്റെ പേരിൽ ചിലർ എതിർക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് പ്രതിപക്ഷം തടസം സൃഷ്ടിക്കുകയാണ്. അവികസിതമായി ഇന്ത്യയെ കാണാനാണ് ഇക്കൂട്ടർ താത്പര്യപ്പെടുന്നത്. വികസിത പ്രവത്തനങ്ങൾ നടത്തുകയുമില്ല, മറ്റുള്ളവരെ ചെയ്യാൻ സമ്മതിക്കുകയുമില്ലെന്നും പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചു.
രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ പ്രതീകമാണ് പാർലമെന്റ്. രാജ്യം വർഷങ്ങൾക്ക് ശേഷം പുതിയ പാർലമെന്റ് മന്ദിരം നിർമ്മിച്ചു. എന്നാൽ പ്രതിപക്ഷം ഇതിനെ എതിർത്തു. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പ്രതീകമാണ് പാർലമെന്റെന്നും മോദി പറഞ്ഞു. എഴുപത് വർഷത്തോളം ഭരണം കൈയ്യാളിയിട്ടും രാജ്യത്തിന്റെ ധീരർക്കായി ഒരു യുദ്ധ സ്മാരകം പോലും അവർ പണിതില്ല. ദേശീയ യുദ്ധ സ്മാരകം നിർമ്മിച്ചപ്പോൾ അവർ അതിനെയും എതിർത്തുവെന്നും പ്രധാനമന്ത്രി വിമർശിച്ചു.
സർദ്ദാർ വല്ലഭഭായ് പട്ടേലിന്റെ പ്രതിമ ലോകത്തിലെ ഏറ്റവും വലുതാണ്. എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാവുന്ന ഒന്ന്. എന്നാൽ ചില രാഷ്‌ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കൾ ഇതുവരെ പ്രതിമ സന്ദർശിക്കാൻ തയ്യാറായിട്ടില്ല. പ്രതിപക്ഷം വികസനത്തെ എതിർക്കുംതോറും മുന്നോട്ട് കുതിക്കാനുളള ഊർജ്ജമാണ് കേന്ദ്രസർക്കാരിന് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അമൃത് ഭാരത് പദ്ധതിയ്‌ക്ക് കീഴിൽ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 508 സ്റ്റേഷനുകളുടെ പുനരുദ്ധാരണത്തിന് തറക്കല്ലിടുന്ന ചടങ്ങ് പ്രധാനമന്ത്രി നിർവഹിച്ചു. വികസിത രാജ്യമായി ഇന്ത്യയെ മാറ്റുന്നതിന് മുന്നോടിയായാണ് നവീകരണം. 25,000 കോടി രൂപ മുടക്കി നവീകരിക്കുന്നതാണ് പദ്ധതി. കേരളത്തിലെ പയ്യന്നൂർ, കാസർകോട്, വടകര, തിരൂർ, ഷൊർണൂർ സ്റ്റേഷനുകളാണ് പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Comments