ഛണ്ഡിഗഡ്: നൂഹിന് സമീപമുള്ള മുഹമ്മദ്പൂരിലെ അനധികൃത കെട്ടിടങ്ങൾ സർക്കാർ പൊളിച്ചു നീക്കുന്നതിനെതിരെ എഐഎംഐഎം നേതാവ് അസറുദ്ദീൻ ഒവൈസി. ഹരിയാന സർക്കാർ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും പാവപ്പെട്ട മുസ്ലീംങ്ങളെ ദ്രോഹിക്കുകയാണെന്നും ഒവൈസി കുറ്റപ്പെടുത്തി. ആരോപണങ്ങളൂടെ പേരിൽ നൂറ് കണക്കിന് ആൾക്കാരുടെ വീടുകളാണ് സർക്കാർ തകർത്തുകളഞ്ഞതെന്നും ഒവൈസി ആരോപിച്ചു.
ഹരിയാന സർക്കാർ ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കുന്നത്. ആരോപണ വിധേയരായവരുടെ ഭാഗം കേൾക്കാൻ പോലും സർക്കാർ കൂട്ടാക്കുന്നില്ല. അനധികൃത കെട്ടിങ്ങൾ പൊളിക്കുന്നതിന്റെ പേരിൽ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുള്ള വേട്ടയാടലാണ് സർക്കാർ നടത്തുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഒവൈസി പറഞ്ഞു.
എന്നാൽ നൂഹ് മേഖലയ്‌ക്ക് സമീത്തായി നടന്ന പൊളിച്ചുനീക്കൽ നടപടിക്ക് കലാപ സംഭവങ്ങളുമായി ബന്ധമില്ലെന്ന് സർക്കാർ വ്യക്തമാക്കി. നുഹ് മേഖലയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ടൗരുവിലെ അനധികൃത കുടിയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. മുമ്പ് അസമിൽ താമസിച്ചിരുന്നവരാണ് പിന്നീട് നുഹ് ജില്ലയിലെ ടൗറു പട്ടണത്തിലേയ്‌ക്ക് വന്നത്. മുഹമ്മദ്പൂർ റോഡിൽ വാർഡ് നമ്പർ ഒന്നിലെ ഹരിയാന അർബൻ അതോറിറ്റിയുടെ ഭൂമിയിലാണ് ഇവർ താമസിച്ചിരുന്നത്. ഏകദേശം ഒരേക്കർ സ്ഥലത്ത് 250 ലധികം വീടുകൾ ഇവർ നിർമ്മിച്ചു. ഇതാണ് നീക്കം ചെയ്തതെന്നും സർക്കാർ അറിയിച്ചു.
വിഎച്ച്പി ജാഥയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിൽ നുഴഞ്ഞുകയറ്റക്കാരെന്ന് സംശയിക്കുന്നവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. ഉത്തർപ്രദേശ് മാതൃകയിൽ ഹരിയാനയിലും സമാനമായ ബുൾഡോസർ നടപടിയുണ്ടാകുമെന്ന് മുമ്പ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൊളിച്ചുനീക്കൽ നടപടി.
Comments