ചെന്നൈ: അത്യാധുനിക ഗവേഷണങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ മദ്രാസ് സർവ്വകലാശാലയോട് ആവശ്യപ്പെട്ട് രാഷ്‌ട്രപതി ദ്രൗപദി മുർമു. വിവിധ പഠനവകുപ്പുകൾ തമ്മിലുളള ഇന്റർ ഡിസിപ്ലിനറി പഠനങ്ങൾ പ്രോത്സാഹിപ്പിക്കാനും പഠനത്തിൽ അന്താരാഷ്‌ട്ര സഹകരണങ്ങൾ വർദ്ധിപ്പിക്കാനും രാഷ്‌ട്രപതി ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 5 ന് തമിഴ്നാട്, പുതുച്ചേരി സന്ദർശനം ആരംഭിച്ച രാഷ്‌ട്രപതിയുടെ സന്ദർശനം ഓഗസ്റ്റ് 8 ന് അവസാനിക്കും.
മദ്രാസ് സർവകലാശാല ഗവേഷണത്തിന്റെയും അക്കാദമിക് നിലവാരത്തിന്റെയും വളർച്ചയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അത്യാധുനിക ഗവേഷണങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും ഇന്റർ ഡിസിപ്ലിനറി പഠനങ്ങൾ പ്രോത്സാഹിപ്പിക്കാനും ഞാൻ സർവകലാശാലയോട് അഭ്യർത്ഥിക്കുന്നു. കൂടാതെ പഠനവകുപ്പുകളുടെ വളർച്ചയ്‌ക്കായി അന്താരാഷ്‌ട്ര സഹകരണങ്ങളെയും പ്രോത്സാഹിപ്പിക്കുക. മദ്രാസ് സർവ്വകലാശാലയുടെ 165-ാമത് ബിരുദദാന ചടങ്ങിൽ രാഷ്‌ട്രപതി പറഞ്ഞു.
രാജ്യവും ലോകവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പഠനാധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ മദ്രാസ് സർവ്വകലാശാല മുൻനിരയിലേക്കെത്തണമെന്നും മുർമു ആവശ്യപ്പെട്ടു. ലിംഗ സമത്വത്തിന്റെ ഉദാഹരണമാണ് മദ്രാസ് സർവകലാശാലയെന്ന് പറഞ്ഞ രാഷ്‌ട്രപതി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിലൂടെ, രാജ്യത്തിന്റെ പുരോഗതിയാണ് വർദ്ധിക്കുകയെന്നും അഭിപ്രായപ്പെട്ടു.
നമ്മുടെ രാജ്യം പുരോഗതി കൈവരിക്കുന്ന കാലഘട്ടത്തിൽ തന്നെ ബിരുദം കരസ്ഥമാക്കാൻ സാധിച്ചതിൽ നിങ്ങൾ ഭാഗ്യവാന്മാരാണെന്ന് ചടങ്ങിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് മറ്റുരാജ്യങ്ങൾ ഇന്ത്യയെ ദരിദ്ര രാജ്യമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ന് ഈ സ്ഥിതിയ്‌ക്ക് മാറ്റംവന്നിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ചടങ്ങിൽ സന്നിഹിതനായിരുന്നു.
















Comments