തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ ഇടപാടിലെ ആരോപണങ്ങൾ പരിശോധിച്ച വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന്റെ റിപ്പോർട്ട് പുറത്തുവിടാതെ സംസ്ഥാന സർക്കാർ. വ്യവസായമന്ത്രി പി. രാജീവിന് സമർപ്പിച്ച റിപ്പോർട്ടിൽ, എഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വസ്തുതയില്ലെന്നും ഉപകരാറിൽ മായമില്ലെന്നും പറഞ്ഞെന്നാല്ലാതെ, റിപ്പോർട്ടിന്റെ ഉള്ളടക്കം ഇതുവരെയും മന്ത്രി പുറത്തുവിട്ടിട്ടില്ല.
അതേസമയം വിവരാവകാശ നിയമപ്രകാരം കെപിസിസി സെക്രട്ടറി അപേക്ഷ സമർപ്പിച്ചപ്പോഴും റിപ്പോർട്ട് നൽകാൻ കഴിയില്ലെന്ന മറുപടി ലഭിച്ചതോടെയാണ് സർക്കാർ, ക്യാമറയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എന്തൊക്കെയോ മറച്ചുവെക്കുന്നുവെന്ന സംശയത്തിന് പ്രതിപക്ഷം ഊന്നൽ നൽകുന്നത്.
അതേസമയം, അന്വേഷണ റിപ്പോർട്ട് സർക്കാരിന്റെ പരിശോധനയിലായതിനാൽ റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ വാദം. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കുന്നത് വിവാദമായതോടെയാണ് സർക്കാർ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ അന്വേഷണം ഏൽപ്പിക്കുന്നത്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയും ഇതുവരെ പ്രതികരിക്കാത്തതാണ് പ്രതിപക്ഷത്തിന്റെ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നത്.
















Comments