ന്യൂഡൽഹി: ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ ഒരിക്കലും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിലേക്ക് നയിക്കുകയില്ലെന്ന് വ്യക്തമാക്കി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നവീകരണത്തിന്റെ പേരിൽ ട്രെയിൻ യാത്രാനിരക്ക് കേന്ദ്ര സർക്കാർ വർദ്ധിപ്പിക്കില്ലെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. പുനർവികസന പദ്ധതിയുടെ ഭാഗമാകാൻ റെയിൽവേ 9,000 എഞ്ചിനീയർമാരെ പരിശീലിപ്പിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളുടെ വികസനവുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട 508 റെയിൽവേ സ്റ്റേഷനുകളുടെ ആകെ പദ്ധതി ചിലവ് 25,000 കോടി രൂപയാണ്. ഈ തുക ഒരിക്കലും നിരക്ക് വർദ്ധിപ്പിച്ച് കൊണ്ടല്ല ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. വരുന്ന രണ്ട് വർഷത്തിനുള്ളിൽ ഈ പദ്ധതിയിൽ രാജ്യം അർത്ഥവത്തായ പുരോഗതി കൈവരിക്കും. പദ്ധതിയുടെ വികസനത്തിനായി പ്രധാനമന്ത്രി പ്രത്യേകം ഫണ്ട് നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്റ്റേഷൻ പുനർനിർമ്മാണത്തിന്റെ പേരിൽ അധിക പണം കേന്ദ്രം ഈടാക്കില്ല. സമൂഹത്തിലെ ഏത് വിഭാഗത്തിലുള്ള യാത്രക്കാർക്കും തടസങ്ങളില്ലാത്ത യാത്ര സുഗമമാക്കാൻ സാധിക്കുന്നതിന് വേണ്ടിയാണ് പുനർവികസന പദ്ധതി ലക്ഷ്യമിടുന്നത്. ഒരു സംസ്ഥാനത്തോടും കേന്ദ്ര സർക്കാർ ഒരിക്കലും വിവേചനം കാണിക്കില്ല’ അദ്ദേഹം പറഞ്ഞു. രാജ്യത്തെ 1,300 സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷനുകളായി വികസിപ്പിച്ചെടുക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതെന്നും റെയിൽവേ മന്ത്രി അറിയിച്ചു.
Comments