ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി ചർച്ചകൾ ഇന്ത്യ നിർത്തിവെച്ചിട്ടില്ലെന്നും ഇരുരാജ്യങ്ങളും യോഗം ചേരാനായി പദ്ധതിയിടുകയാണെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അതിർത്തി സംഘർഷങ്ങൾ പരിഹരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘അതിർത്തിയുമായി ബന്ധപ്പെട്ട് ചൈനീസ് അധികൃതരുമായി ഉടൻ കൂടിക്കാഴ്ച നടത്താനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ചർച്ചകളിലൂടെ ഡൽഹിയും ബീജിംഗും കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലുണ്ടായ വെല്ലുവിളികളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും പുരോഗതി കൈവരിച്ചിട്ടുണ്ട്. രാജ്യത്തെ അതിർത്തി റോഡ് കണക്റ്റിവിറ്റിയും, അടിസ്ഥാനസൗകര്യ വികസനവും വർദ്ധിപ്പിക്കാൻ നരേന്ദ്രമോദി സർക്കാർ നടപടികൾ സ്വീകരിക്കുകയാണ്. വടക്കൻ പ്രദേശങ്ങൾ ഉൾപ്പെടെ അതിർത്തിയിലെ എല്ലാ മേഖലകളിലെയും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാനലക്ഷ്യം. അസമിനും ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുമിടയിൽ റെയിൽവേ ബന്ധം സ്ഥാപിക്കാൻ ഭൂട്ടാനുമായി ഇന്ത്യ ചർച്ചകൾ നടത്തിവരികയാണ്’ കേന്ദ്രമന്ത്രി വ്യക്തമാക്കി.
2020 മേയിൽ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചിരുന്നു. കൂടാതെ അതിർത്തി പ്രദേശങ്ങളിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി നിരവധി തവണയാണ് ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തിയിട്ടുള്ളത്. അതിർത്തി പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഉന്നതതല സൈനിക ചർച്ചകൾ നടത്താൻ ചൈനീസ് അധികൃതർ സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഏപ്രിലിൽ ഇന്ത്യ-ചൈനീസ് കോർപ്സ് കമാൻഡർമാർ തമ്മിലുള്ള 18-ാം റൗണ്ട് ചർച്ചകൾ ചൈനയുടെ ചുഷുൽ-മോൾഡോ അതിർത്തി മേഖലയിൽ വെച്ച് നടന്നിരുന്നു.
Comments