‘ഇനി മാറി നിൽക്കേണ്ടി വരില്ല’; ഉത്തർപ്രദേശിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രത്യേക ഫാർമസിയും രജിസ്ട്രേഷൻ കൗണ്ടറും തുടങ്ങി

Published by
Janam Web Desk

ലക്‌നൗ: ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി പ്രത്യേക ഫാർമസിയും രജിസ്‌ട്രേഷൻ കൗണ്ടറും ആരംഭിച്ച് നോയിഡയിലെ ജില്ലാ ആശുപത്രി. മാറ്റി നിർത്തേണ്ടവരല്ല ട്രാൻസ്‌ജെൻഡർ വിഭാഗമെന്ന അവബോധം മറ്റു ജനങ്ങളിൽ കൂടി വളർത്തിയെടുക്കാൻ ഇത്തരം സംവിധാനങ്ങൾ പ്രയോജനപ്പെടുമെന്ന് ആശുപത്രി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇനി നോയിഡയിലെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് മറ്റ് ബുദ്ധിമുട്ടുകൾ കൂടാതെ ഫാർമസിയിൽ നിന്നും മരുന്നുകൾ വാങ്ങാം. രജിസ്‌ട്രേഷൻ കൗണ്ടറിൽ ഇവരുടെ പേരും മറ്റു വിവരങ്ങളും ശേഖരിച്ചു വെക്കുന്നതാണ്.

ആശുപത്രിയിലെ ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ രജിസ്‌ട്രേഷൻ ചെയ്യുമ്പോൾ ട്രാൻസ്‌ജെൻഡർ വിഭാഗം നേരിടുന്ന വിവേചനത്തെയും പെരുമാറ്റദൂഷ്യങ്ങളെ കുറിച്ചും ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ ആളുകൾ ആശുപത്രി അധികൃതർക്ക് പരാതി നൽകിയിരുന്നു. അവരുടെ അത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് ഈ സംവിധാനങ്ങൾ ആശുപത്രിയിൽ ആരംഭിച്ചതെന്ന് ആശുപത്രി ചിഫ് സൂപ്രണ്ട് ഡോക്ടർ രേണു അഗ്രവാൾ പറഞ്ഞു. ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്യേണ്ടി വരുമ്പോൾ ബുദ്ധിമുട്ടുകൾ ഭയന്ന് ട്രാൻജൻഡർ വിഭാഗത്തിലെ രോഗികൾ ആശുപത്രിയിലേക്ക് വരുന്നത് കുറയുന്നതായും ചീഫ് ഡോക്ടർ ചൂണ്ടിക്കാട്ടി. ഇനി അത്തരം പ്രശ്‌നങ്ങൾ നേരിടേണ്ടി വരില്ലെന്നും ഈ വിഭാഗത്തിലെ എല്ലാ രോഗികൾക്കും ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇപ്പോൾ ആരംഭിച്ച സംവിധാനം സഹായിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Share
Leave a Comment