ശ്രീനഗർ; കശ്മീരിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരർ. അനന്ത്‌നാഗ് ജില്ലയിൽ വിനോദസഞ്ചാരികൾ താമസിച്ചിരുന്ന ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. രാജസ്ഥാൻ സ്വദേശികളായ ദമ്പതികൾക്ക് വെടിവെയ്പിൽ പരിക്കേറ്റു. ഇരുവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫറ, ഭർത്താവ് തബ്രെസ് എന്നിവർക്കാണ് പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു. അനന്ത്‌നാഗിലെ യന്നറിൽ വെച്ചായിരുന്നു സംഭവം. ഭീകരർക്കായി പ്രദേശം വളഞ്ഞ് തെരച്ചിൽ നടത്തിയതായും പൊലീസ് വ്യക്തമാക്കി.
ഏപ്രിലിൽ ഷോപ്പിയാനിൽ ഇതര സംസ്ഥാനക്കാരനായ ടൂറിസ്റ്റ് ഗൈഡിന് നേർക്കും ഭീകരർ വെടിയുതിർത്തിരുന്നു. വിനോദസഞ്ചാരികളുമായി സഞ്ചരിക്കുന്നതിനിടെ റസ്‌റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴായിരുന്നു മുഖം മറച്ചെത്തിയ അക്രമികൾ വെടിയുതിർത്തത്. ഫെബ്രുവരിയിൽ രണ്ട് ഇതര സംസ്ഥാനക്കാർ ശ്രീനഗറിലുണ്ടായ വെടിവെയ്പിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
കശ്മീരിലെ ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിടുന്ന ഭീകരർക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.















