കൈകളെന്തിന് അവള്‍ക്ക് ചരിത്രം രചിക്കാന്‍….! നിശ്ചയ ദാര്‍ഢ്യവും തികഞ്ഞ ആത്മവിശ്വാസവും കൈമുതലാക്കി ഒരു 16-കാരി ഇന്ന് രാജ്യത്തിന് അഭിമാനമാവുകയാണ്. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന പാരാ-ആര്‍ച്ചറി ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ എയ്തു വീഴ്‌ത്തിയാണ് അവള്‍ പ്രതിസന്ധികളെ ചവിട്ടുപടിയാക്കുന്നത്. ഇതോടെ ലോകത്തിലെ കൈകളില്ലാത്ത ആദ്യത്തെ വനിത അമ്പെയ്തുകാരിയെന്ന ബഹുമതിയാണ് ശീതള്‍ കരസ്ഥമാക്കിയത്.
കൈകളില്ലാതെ അമ്പെയ്‌ത്തില്‍ ചരിത്രം തീര്‍ത്ത ശീതള്‍ ദേവിക്ക് താങ്ങും തണലുമൊരുക്കി പരിശീലനം നല്‍കുന്നത് ഇന്ത്യന്‍ സൈന്യമാണ്. അവള്‍ ഇന്ന് കുറവുകളുടെ പേരില്‍ ഉള്‍വലിഞ്ഞ് ജീവിക്കുന്ന ഒരുപാട് പേര്‍ക്ക് പ്രചോദനമാണ്.
ശീതളിന്റെ ജനനം ജന്മനാ കൈകളില്ലാതെയായിരുന്നു. ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ പിറന്ന ശീതളിന് സ്‌പോര്‍ട്‌സാണ് ജീവ വായുവായത്. വലിയകഠിനാദ്ധ്വാനത്തിനൊടുവിലാണ് അമ്പെയ്‌ത്തിലേക്ക് വരുന്നത്. അപ്പോഴും പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചെങ്കിലും കുഞ്ഞ് മനസിലെടുത്ത വലിയ തീരുമാനത്തിന് വലിയ ഉറപ്പായിരുന്നു.
2019ല്‍ ഇന്ത്യന്‍ ആര്‍മിയുടെ രാഷ്‌ട്രീയ റൈഫിള്‍സ് വിഭാഗം കിഷ്ത്വാറില്‍ വച്ച് ഒരു കായിക മത്സരം സംഘടിപ്പിക്കുകയുണ്ടായി. അതില്‍ ശീതളും പങ്കെടുത്തിരുന്നു. അപ്പോഴാണ് ശീതളിന്റെ അസാധാരണമായ കഴിവ് സൈന്യം ശ്രദ്ധിക്കുന്നത്. അവളുടെ കഴിവില്‍ ആകൃഷ്ടരായ സൈന്യം അവള്‍ക്ക് താങ്ങും തണലുമൊരുക്കി. അമ്പെയ്തിലുളള വിദഗ്ധമായ പരിശീലനത്തിനൊപ്പം വിദ്യാഭ്യാസവും ചികിത്സയും അവര്‍ നല്‍കി.
ബോളിവുഡ് നടന്‍ അനുപം ഖേര്‍, ബെംഗളുരുവിലെ മേഘ്ന ഗിരിഷ് എന്നിവരുടെയും ചില എന്‍.ജി.ഒ ഗ്രൂപ്പിന്റെയും സഹായവും ശീതളിന് ലഭ്യമായിരുന്നു. ഇവരുടെ സഹായത്താല്‍ ശീതളിന് കൃത്രിമ കൈകളും ലഭ്യമാക്കിയിരുന്നു. തുടര്‍ന്ന് ദേശീയ പാരാലിമ്പിക്സ് ആര്‍ച്ചറി കോച്ചായ കുല്‍ദീപ് ബൈദ്വാന്റെ മേല്‍നോട്ടത്തില്‍ ശീതളിന് മികച്ച പരിശീലനവും ലഭിച്ചു.
ദേശീയ തലത്തിലും മറ്റും വിവിധ ആര്‍ച്ചറി മത്സരങ്ങളില്‍ പങ്കെടുത്ത് ശീതള്‍ സമ്മാനങ്ങള്‍ നേടുകയുമുണ്ടായി. എന്നാല്‍ അന്താരാഷ്‌ട്ര തലത്തില്‍ തന്റെ സാന്നിദ്ധ്യം ശീതള്‍ ഉറപ്പിച്ചത് ചെക്ക് റിപബ്ലിക്കില്‍ നടന്ന പാരാ ലോക ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ വെളളി മെഡല്‍ നേടിക്കൊണ്ടാണ്. ഇനി 2024ല്‍ പാരീസില്‍ നടക്കുന്ന പാരാലിമ്പിക്സില്‍ മത്സരിക്കാനുളള പരിശീലനത്തിലാണ് ശീതള്‍.
Comments