മലപ്പുറം: താനൂർ പോലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. താമിർ ജിഫ്രിയുടെ ശരീരത്തിൽ മയക്കു മരുന്ന് ഉപയോഗത്തെ തുടർന്നുണ്ടായ നിരവധി പ്രശ്നങ്ങൾ കണ്ടെത്തി. ശ്വാസകോശത്തിൽ നീര് കെട്ടിയിരുന്നു. അതുപോലെ ഹൃദയ ധമനികൾക്കും തടസ്സമുണ്ടായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ 21 മുറിവുകൾ ഉണ്ടായിരുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ജിഫ്രിക്ക് പോലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റിരുന്നു. ഇടുപ്പിലും, കാൽപാദത്തിലും, കണം കാലിലും മർദ്ദനമേറ്റിട്ടുണ്ട്. പോലീസ് മർദ്ദനവും മരണത്തിന് കാരണമായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ ആമാശയത്തിൽ രണ്ട് ലഹരി മരുന്ന് പാക്കറ്റുകളുണ്ടായിരുന്നു. അതിൽ ഒന്ന് പൊട്ടിയ നിലയിലായിരുന്നു.
കേസിൽ ആരോപണ വിധേയരായ 8 പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. 18 ഗ്രാം എംഡിഎംഎയുമായി മറ്റു നാലു പേര്‍ക്കൊപ്പമാണ് താമിർ ജിഫ്രിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നും താമിർ ജിഫ്രി സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു എന്നാണ് പോലീസ് വാദം. ജിഫ്രിയുടെ ആമാശയത്തിൽ നിന്നും രണ്ട് പ്ലാസ്റ്റിക് കവറുകളിലായി ക്രിസ്റ്റൽ രൂപത്തിലുള്ള വസ്തു കണ്ടെത്തിയിരുന്നു. ഇത് എംഡിഎംഎ ആണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.
നേരത്തെ താനൂർ കസ്റ്റഡി മരണത്തിൽ ഗുരുതര ആരോപണവുമായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. സംഭവദിവസം യുവാവിനെ താനൂരിൽ നിന്ന് അർദ്ധരാത്രിയിൽ കസ്റ്റഡിയിലെടുത്തെന്നാണ് പോലീസിന്റെ വാദം. എന്നാൽ ഇത് തെറ്റാണെന്നും ഇയാളെ ചോളാരിയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തെന്നാണ് കുടുംബം പറയുന്നത്. ഇയാളെ കൊണ്ടുപോകുമ്പോൾ അടിവസ്ത്രം മാത്രമേ ധരിക്കാൻ അനുവദിച്ചൊള്ളു എന്നും മർദ്ധിച്ചെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
ലഹരി മരുന്ന് കൈവശം വെച്ച താമർ ജിഫ്രിയെയും മറ്റ് 4 പേരെയും താനൂർ ദേവദാർ പാലത്തിന് സമീപത്ത് വെച്ച് തിങ്കളാഴ്ച അർദ്ധരാത്രിയിൽ കസ്റ്റഡിയിലെടുത്തെന്നായിരുന്നു പോലീസ് പറഞ്ഞത്. എന്നാൽ വൈകിട്ട് 5 മണിക്ക് ചേളാരിയിലെ താമസ സ്ഥലത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് സുഹൃത്ത് വെളിപ്പെടുത്തിയെന്ന് സഹോദരൻ പറയുന്നു. ആദ്യം പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് പറഞ്ഞെന്നും പിന്നീട് രാത്രി 11 മണിക്ക് താമർ ജിഫ്രി സുഹൃത്തിനെ വിളിച്ചിരുന്നെന്നും സഹോദരൻ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെയാണ് ഇയാൾ മരണപ്പെടുന്നത്. എന്നാൽ മരണവിവരം രാവിലെ പത്തരയോടെയാണ് പോലീസ് ബന്ധുക്കളെ അറിയിക്കുന്നത്.
















Comments