ചിരിയിൽ പിറന്ന സിനികളുടെ സൃഷ്ടികർത്താക്കളാണ് ഒരു കാലത്തെ സിദ്ദിഖ് ലാൽ സിനിമകൾ. ഹാസ്യം ചാലിച്ച കഥകൾ. കഥയിലും കഥാപാത്രങ്ങളിലും വ്യത്യസ്തതകൾ കൊണ്ട് വരാൻ ഈ സംവിധായക കൂട്ട്‌കെട്ട് പരമാവധി ശ്രമിച്ചിരുന്നു. ഹിറ്റായതിൽ ഭൂരിഭാഗവും ഇംഗ്ലീഷ് പേരിൽ പിറന്നതാണെന്നത് മറ്റൊരു പ്രത്യേകത. ഇംഗ്ലീഷ് പേരുകൾ സിനിമകൾക്ക് നൽകിയത് അക്കാലത്ത് ചർച്ചയായിരുന്നു. പപ്പൻ പ്രിയപ്പെട്ട പപ്പൻ, നാടോടിക്കാറ്റ് സിനിമകളുടെ രചനയ്‌ക്ക് ശേഷം സിദ്ദിഖും ലാലും ആദ്യമായി സംവിധാനം ചെയ്ത റാംജി റാവു സ്പീക്കിംഗ് പേരിലെ വ്യത്യസ്തത കൊണ്ട് ആദ്യം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഇന്നസെന്റും, മുകേഷും ,സായ്കുമാറും തകർത്ത് അഭിനയിച്ച ചിത്രം ബോക്‌സോഫീസിൽ വമ്പൻ ഹിറ്റായപ്പോൾ ഇരുവരും പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങൾക്കും ഇംഗ്ലീഷ് പേരുകൾ തന്നെയിടാൻ തീരുമാനിച്ചു. എന്നാൽ സിദ്ദിഖ് ലാൽ കൂട്ട്‌കെട്ട് പിരിഞ്ഞപ്പോഴും പേരിന്റെ കാര്യത്തിൽ മാറ്റമുണ്ടായില്ല. ഫാസിലാണ് ഇംഗ്ലീഷ് പേരുകൾക്ക് പിന്നിലെ വ്യക്തിയെന്ന് സിദ്ദിഖ് പലവട്ടം പറഞ്ഞിരുന്നു. റാംജി റാവു സ്പീക്കിംഗിന് ആദ്യമിട്ട പേര് നൊമ്പരങ്ങളേ സുല്ല് സുല്ല് എന്നായിരുന്നു. എന്നാൽ പേരിന് കുറച്ച് മോഡൽ വരുത്താമെന്ന് പറഞ്ഞ് ഫാസിലാണ് റാംജി റാവ് സ്പീക്കിംഗ് എന്നാക്കി മാറ്റിയത്. മറ്റൊരു ഹിറ്റായ ഇൻ ഹരിഹർ നഗർ എന്ന സിനിമയ്‌ക്ക് മാരത്തോൺ എന്നാണ് ആദ്യമിട്ട പേര്. അതിലും ഫാസിലിന്റെ തല തന്നെയാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് അങ്ങോട്ട് ഇംഗ്ലീഷ് പേര് തന്നെ മതിയെന്ന് സിദ്ദിഖ് ഉറപ്പിക്കുകയായിരുന്നു.
ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലർ, ബോഡിഗാർഡ്, ലേഡീസ് ആൻഡ് ജൻറിൽമാൻ, ഭാസ്‌കർ ദ റാസ്‌കൽ, ബിഗ് ബ്രദർ, ഫ്രണ്ട്‌സ് തുടങ്ങിയ ചിത്രങ്ങൾക്കെല്ലാം പതിവ് തെറ്റിയ്‌ക്കാതെ പേരുകൾ നൽകി. പേര് കേൾക്കുമ്പോൾ കുറച്ച് സീരിയസ് ആണെന്ന് തോന്നുമെങ്കിലും ചിത്രം തിയേറ്ററിൽ വരുമ്പോൾ ചിരിയുടെ മാലപടക്കമാണ് പൊട്ടുന്നത്. ചിരിയ്‌ക്ക് പ്രാധാന്യം നൽകാൻ സിദ്ദിഖ് ഒരിക്കലും മറന്നിരുന്നില്ല. ലാൽ അഭിനയത്തിലേക്ക് കൂടുതൽ ശ്രദ്ധിച്ചപ്പോഴും ഒറ്റയ്‌ക്കുള്ള സിദ്ദിഖിന്റെ യാത്രയിൽ മുഴുവനും ഒരു പിടി ഹിറ്റ് ചിത്രങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments