തിരുവനന്തപുരം: കോതമംഗലത്ത് കർഷകന്റെ വാഴക്കുലകൾ വെട്ടിയ കെഎസ്ഇബി നടപടിയിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം കെഎസ്ഇബി ചെയർമാൻ വിശദീകരണം നൽകണമെന്ന് കമ്മീഷൻ അറിയിച്ചു.
വാഴയില ലൈനിൽ മുട്ടിയെന്നാരോപിച്ചാണ് നൂറുകണക്കിന് വാഴകൾ കെഎസ്ഇബി വെട്ടിനിരത്തിയത്. 406 ഏത്തവാഴകളാണ് ടച്ചിംഗ് വെട്ടലിന്റെ പേരിൽ മുന്നറിയിപ്പ് ഇല്ലാതെ വെട്ടിയത്. ദിവസങ്ങൾക്കകം വെട്ടി വിൽക്കാൻ പാകമായ കുലകൾ വെട്ടിനിരത്തിയതിൽ കർഷകന് ലക്ഷങ്ങളാണ് നഷ്ടമുണ്ടായത്. മനുഷ്യജീവന് അപകടമുണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടതെന്നായിരുന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി നൽകിയ വിശദീകരണം. വാഴയിലകൾ വെട്ടിമാറ്റേണ്ടതിന് പകരം വാഴത്തോട്ടം തന്നെ വെട്ടി നശിപ്പിച്ചതിന് പിന്നാലെ ന്യായീകരണവുമായെത്തിയ മന്ത്രി ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
സംഭവം വൻ വിവാദമായതോടെ മാനുഷിക പരിഗണനയിൽ നഷ്ടപരിഹാരം നൽകുമെന്ന പ്രഖ്യാപനവുമായി മന്ത്രി വീണ്ടും രംഗത്തെത്തിയിരുന്നു. കാറ്റിൽ വാഴ ഇലകൾ ലൈനിന് സമീപം വരെ എത്തുകയും ചില വാഴകൾക്ക് തീ പിടിക്കുകയും ചെയ്തു. സമീപവാസിയായ ഒരു സ്ത്രീക്ക് ഷോക്കേറ്റതായും അറിഞ്ഞു. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. എന്നിരുന്നാലും നഷ്ടപരിഹാരം സംബന്ധിച്ച് വൈദ്യുതി മന്ത്രിക്ക് കത്ത് നൽകിയതായും അദ്ദേഹം അറിയിച്ചു.
Comments