ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുർകായസ്ഥയുടെ ഫ്‌ളാറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഡൽഹി സാകേതിലെ സ്വത്ത് കണ്ടുകെട്ടിയത്. 2021 സപ്തംബറില്‍ ഇഡി നടത്തിയ റെയ്ഡിൽ ഇയാളുടെ വസതിയിൽ നിന്നും സുപ്രധാന രേഖകൾ കണ്ടെത്തിയിരുന്നു.
ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ന്യൂസ് ക്ലിക്കിന് ചൈനയിൽ നിന്നും സാമ്പത്തികസഹായം ലഭിച്ചെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയുമായി ബന്ധമുള്ള അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്‍ റോയ് സിംഘാമിന്റെ
വിവിധ സ്ഥാപനങ്ങളിൽ നിന്നാണ് ഫണ്ട് കൈപറ്റിയത്. 2018 – 2021 വരെയുള്ള
കാലയളവിൽ ജസ്റ്റിസ് ആന്‍ഡ് എജ്യൂക്കേഷന്‍ ഫണ്ടില്‍ നിന്ന് 76.84 കോടി രൂപയും ദി ട്രൈകോണ്ടിനെന്റല്‍ ലിമിറ്റഡില്‍ നിന്ന് 1.61 കോടി രൂപയും ജിസ്പാന്‍ എല്‍എല്‍സിയില്‍ നിന്ന് 26.98 ലക്ഷം രൂപയും ലഭിച്ചതായി ഇ.ഡി കണ്ടെത്തി. ന്യൂസ് ക്ലിക്ക് വിദേശ ഫണ്ട് സ്വീകരിച്ചതായി ഓഹരിയുടമ ചോദ്യം ചെയ്യലില്‍ ഇ ഡിയോടു സമ്മതിച്ചിരുന്നു.
ഇഡി നടത്തിയ അന്വേഷണത്തിൽ ന്യൂസ് ക്ലിക്ക് കള്ളപ്പണം വെളുപ്പിച്ചെന്നും അനധികൃതമായി വിദേശ ഫണ്ട് സ്വീകരിച്ചെന്നും വ്യക്തമായിരുന്നു. തുടർന്ന് ഓൺലൈൻ മാദ്ധ്യമത്തിനെതിരെ നിയമനടപടി ആരംഭിച്ചപ്പോൾ മാദ്ധ്യമ സ്വാതന്ത്ര്യമെന്ന പേരിൽ പ്രതിപക്ഷം ഇവരെ അനുകൂലിക്കുന്ന നിലാപാടാണ് സ്വീകരിച്ചത്.
ചൈനയുടെ അജണ്ട ഇന്ത്യയിൽ നടപ്പാക്കുന്ന ന്യൂസ് ക്ലിക്കിന് സിപിഎം നേതാവ് പ്രകാശ് കാരാട്ട് കൂട്ടുനിന്നെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ലോകസഭയിൽ വ്യക്തമാക്കിയിരുന്നു. അതിന്റെ തെളിവുകൾ പുറത്തുവിടാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments