തിരുവനന്തപുരം; നഗരത്തിനുള്ള ഓണസമ്മാനമായി ഓഗസ്റ്റ് 20ഓടെ കലാഭവന്‍ മണി റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട് റോഡ് നിര്‍മ്മാണമെന്ന് പറഞ്ഞ് ഇവിടത്തെ റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. വിമര്‍ശനങ്ങള്‍ കേട്ട് ഗത്യന്തരമില്ലാതായതോടെയാണ് റോഡിന്റെ പണി ഉടനെ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ തയ്യാറായത്. റോഡ് നവീകരണത്തില്‍ അനാസ്ഥ പുലര്‍ത്തിയതോടെ പലവട്ടം സര്‍ക്കാര്‍ പഴികേട്ടിരുന്നു. നഗരത്തില്‍ പത്തിലേറെ റോഡുകള്‍ ഇപ്പോഴും വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഇതിന്റെ നവീകരണം അവതാളത്തിലായിട്ട് വര്‍ഷത്തിലേറെയായി.
ദീര്‍ഘകാലമായി തിരുവനന്തപുരം നഗരം നേരിടുന്ന പ്രശ്നമാണ് കലാഭവന്‍ മണി റോഡ് ഉള്‍പ്പെടെയുള്ള ചില റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കാനാകാത്തത്. വിവിധ വകുപ്പുകളുടെ ചുമതലയില്‍ വരുന്ന സ്മാര്‍ട് സിറ്റി പദ്ധതിയിലാണ് ഇവ ഉള്‍പ്പെട്ടിരിക്കുന്നത്. കലാഭവന്‍മണി റോഡിന്റെ നിര്‍മാണം പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡ് ഫണ്ട് ബോര്‍ഡാണ് ഏറ്റെടുത്തത്. നേരത്തേ കരാറെടുത്ത സ്ഥാപനം നിര്‍മാണത്തില്‍ അനാസ്ഥ കാണിച്ചു. ഡക്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡാകെ പൊളിക്കുകയും സമയബന്ധിതമായി അത് പൂര്‍ത്തിയാക്കാതിരിക്കുകയും ചെയ്തു.
നിരവധി തവണ അവരുമായി സംസാരിക്കുകയും പ്രശ്നം പരിഹരിക്കാന്‍ ഇടപെടുകയും ചെയ്തെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്നെടുത്ത കര്‍ക്കശ നിലപാടുകൊണ്ടാണ് ഇപ്പോള്‍ പണി പൂര്‍ത്തിയാക്കാനാകുന്നതെന്നാണ് മന്ത്രിയുടെ വാദം. അവരെ പ്രവൃത്തിയില്‍ നിന്ന് നീക്കം ചെയ്യുകയും നിക്ഷേപം പിടിച്ചുവയ്‌ക്കുകയും ചെയ്തു. പ്രവൃത്തി വിഭജിച്ച് പലതാക്കി ടെന്‍ഡര്‍ ചെയ്തു. അതിന് ഒട്ടേറെ തടസ്സങ്ങളുണ്ടായിരുന്നു. അതെല്ലാം നീക്കിയാണ് ഇപ്പോള്‍ റോഡ് പണി പൂര്‍ത്തിയാക്കുന്നതെന്നുംമന്ത്രിപറഞ്ഞു.
Comments