ഇസ്ലാമാബാദ്: ജയിൽ ജീവിതം ദുരിതത്തിലാണെന്നും എങ്ങനെയെങ്കിലും പുറത്തിറക്കണമെന്നും തോഷഖാന കേസിൽ തടവിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പകൽ സമയത്ത് ഈച്ചകളും രാത്രിയിൽ പ്രാണികളും കാരണം ബുദ്ധിമുട്ടുകയാണ്. എത്രയും വേഗം ജയിലിൽ നിന്ന് പുറത്തിറക്കാനുള്ള നടപടികൾ ചെയ്യണമെന്ന് ഇമ്രാൻ ഖാൻ അഭിഭാഷകനോട് പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അറ്റോക്ക് ജയിലിലാണ് ഇമ്രാനെ പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇമ്രാനുമായി സംസാരിക്കുന്നതിന് ജയിൽ അധികൃതർ അഭിഭാഷകന് അനുമതി നൽകിയത്. ‘ഇവിടെ നിന്നു കൊണ്ടു പോകു’എന്നാണ് ഇമ്രാൻ ഖാൻ ആവർത്തിച്ച് പറയുന്നത്. ഏറെ ദു:ഖകരമായ അവസ്ഥയിലാണ് ഇമ്രാൻ ഖാനുള്ളതെന്നും ഇമ്രാൻ ഖാനെ പാർപ്പിച്ചിരിക്കുന്ന സി ക്ലാസ് സെല്ല് വളരെ ദുരിതപൂർണമാണെന്നും അഭിഭാഷകൻ പറഞ്ഞു.
ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെടുന്നവരെ പാർപ്പിക്കുന്ന സെല്ലിലാണ് മുൻ പാക് പ്രധാനമന്ത്രിയെ പാർപ്പിച്ചിരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് മറ്റ് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിനാണ് തോഷഖാന കേസിൽ ഇമ്രാൻ ഖാനെ മൂന്ന് വർഷം തടവ് ശിക്ഷയ്‌ക്ക് വിധിച്ചത്. കോടതി ഉത്തരവിറക്കിയ ഉടൻ തന്നെ പോലീസ് ഇമ്രാനെ അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദം, അക്രമം, മതനിന്ദ, അഴിമതി, കൊലപാതകം തുടങ്ങിയ നിരവധി കേസുകളാണ് ഇമ്രാൻ ഖാനെതിരെ ചുമത്തിയിരിക്കുന്നത്.
2018- 2022 കാലയാളവിൽ പ്രധാനമന്ത്രിയായിരിക്കെ അധികാര പദവി ദുരൂപയോഗം ചെയ്ത് അഴിമതി നടത്തിയെന്നതാണ് ഇമ്രാൻ ഖാനെതിരെയുള്ള കേസ്. വിദേശ സന്ദർശനത്തിനിടെ ലഭിച്ച സമ്മാനങ്ങൾ ഇമ്രാൻ ഖാൻ മറിച്ചുവിൽക്കുകയായിരുന്നു. 140 മില്യണിലധികം വിലമതിയ്‌ക്കുന്ന വസ്തുക്കളാണ് മറിച്ച് വിറ്റതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്.
















Comments