തിരുവനന്തപുരം: ഗണേശഭഗവാനെ അവഹേളിച്ച സംഭവത്തിൽ സ്പീക്കർ വിശ്വാസികളോട് മാപ്പ് പറയണമെന്നുറച്ച തീരുമാനവുമായി ബിജെപി. ഇന്ന് നിയമസഭയ്‌ക്ക് മുൻപിൽ ഇന്ന് നാമജപഘോഷയാത്ര നടത്തും.
ഷംസീറിനെതിരെ പ്രതിഷേധിക്കാതെ യുഡിഎഫ് സിപിഎമ്മുമായി ചേർന്ന് പ്രശ്നം ഒത്തുതീർപ്പാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു. കാക്ക ചത്താൽ പോലും നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകുന്ന പ്രതിപക്ഷം ഹിന്ദുക്കളുടെ പ്രധാന ദൈവമായ ഗണപതിയെ അധിക്ഷേപിച്ചിട്ടും നോട്ടീസ് കൊടുക്കാൻ തയ്യാറാവാത്തത് വോട്ട്ബാങ്ക് രാഷ്‌ട്രീയ താത്പര്യമുള്ളത് കൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
സ്പീക്കർ എഎ ഷംസീറിന്റെ പരാമർശത്തിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആർഎസ് രാജീവ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഹിന്ദു ദൈവ സങ്കൽപ്പങ്ങൾക്കെതിരെ ഷംസീർ നടത്തിയ പ്രസ്താവന ഹിന്ദു മതത്തെയും ആചാരങ്ങളെയും അധിക്ഷേപിക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നു. ഷംസീറിന്റെ നടപടി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാവിരുദ്ധവുമാണ്. ഷംസീറിന്റെ പ്രസ്താവന വിശ്വാസിയെന്ന നിലയിൽ വേദനയുണ്ടാക്കി. ഇന്ത്യൻ ശിക്ഷാ നിയമം 153 എ, 295എ, 298, 109 വകുപ്പുകൾ അനുസരിച്ച് ഷംസീർ ചെയ്തത് ശിക്ഷാർഹമാണെന്നും ഹർജിയിൽ പറയുന്നു.
Comments