ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് യഥാർത്ഥത്തിൽ സർക്കാരിന് ഗുണം ചെയ്യുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, 2018ൽ നടന്ന അവിശ്വാസ പ്രമേയത്തെയും തുടർന്നുണ്ടായ സംഭവവികാസങ്ങളെയും പ്രരാമർശിച്ചു.
2018ലെ അവിശ്വാസപ്രമേയത്തിൽ അംഗബലത്തിന് അനുസരിച്ചുള്ള വോട്ട് പോലും പ്രതിപക്ഷത്തിന് കിട്ടിയില്ല. അതുകൊണ്ട് അവിശ്വാസ പ്രമേയം കേന്ദ്രസർക്കാരിനുള്ള പരീക്ഷണമല്ല, മറിച്ച് ഇത് പ്രതിപക്ഷത്തിന് തന്നെയുള്ള പരീക്ഷണമാണെന്നും ഇതൊരു ദൈവാനുഗ്രഹമായാണ് കണക്കാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ”എന്തുകൊണ്ടാണ് വേണ്ടത്ര ഗൃഹപാഠം നടത്തി അവിശ്വാസപ്രമേയത്തിന് എത്താത്തതെന്നും അദ്ദേഹം ചോദിച്ചു. ഞാൻ നിങ്ങൾക്ക് 5 വർഷം സമയം തന്നു. നല്ലപോലെ പഠിച്ച്, ഗൃഹപാഠം ചെയ്ത്, തയ്യാറെടുപ്പുകൾ നടത്തി മാത്രം 2023ൽ വരണമെന്ന് 2018ൽ തന്നെ ഞാൻ നിർദേശിച്ചിരുന്നതാണ്. ” നരേന്ദ്രമോദി പറഞ്ഞു.
ബിജെപിയിൽ ജനങ്ങൾക്ക് അവിശ്വാസമില്ല. ഈ രാജ്യത്തെ ജനങ്ങൾക്ക് മുഴുവൻ ബിജെപിയിൽ വിശ്വാസമുണ്ട്. അതുകൊണ്ട് കോടിക്കണക്കിന് വരുന്ന ഇന്ത്യൻ പൗരന്മാർക്ക് നന്ദി പറയാൻ കൂടിയാണ് താൻ ഇവിടെ എത്തിയിരിക്കുന്നത്. 2024ലും ഭാരതത്തിൽ എൻഡിഎ തന്നെ അധികാരത്തിൽ വരും. റെക്കോർഡ് വിജയം ബിജെപി കരസ്ഥമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
















Comments