എറണാകുളം: എടിഎമ്മിൽ നിന്നും പണമെടുക്കാൻ സഹായിക്കാമെന്ന വ്യാജേന പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ആലപ്പുഴ ചേർത്തല സ്വദേശി നജീബാണ് പിടിയിലായത്. എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിനായി എത്തുന്ന പ്രായമായവരെയും സ്ത്രീകളെയുമായിരുന്നു പ്രതി കബളിപ്പിച്ചിരുന്നത്. പണം പിൻവലിക്കാൻ ബുദ്ധിമുട്ടുന്നവർക്കരികിലേക്ക് സഹായിക്കാനെന്ന വ്യാജേനയായിരുന്നു പ്രതി എത്തിയിരുന്നത്. ഇവരുടെ പക്കൽ നിന്നും എടിഎം കാർഡ് വാങ്ങി പണം എടുത്ത് നൽകുന്ന നജീബ് തിരികെ നൽകുന്നത് മറ്റൊരു കാർഡ് ആണ്. ഇത്തരത്തിൽ കബളിപ്പിച്ച് എടിഎം കാർഡ് കൈക്കലാക്കുന്നതായിരുന്നു പ്രതിയുടെ രീതി.
എടിഎം കാർഡ് കൈക്കലാക്കിയ പ്രതി ഇവിടെ നിന്നും മുങ്ങും. തൊട്ടടുത്ത ദിവസം രാത്രി എടിഎമ്മിലെത്തി കൈക്കലാക്കിയ കാർഡിൽ നിന്നും പണം പിൻവലിക്കും. അക്കൗണ്ട് ബാലൻസ് പരിശോധിച്ചതിന് ശേഷം അധിക തുകയുണ്ട് എങ്കിൽ ആദ്യ ഇടപാട് 11.58-ന് നടത്തും. ഇതിന് ശേഷം 12 മണിക്ക് അടുത്ത ഇടപാട് നടത്തും. ഇത്തരത്തിൽ നൂറിലധികം ആളുകളുടെ പണമാണ് പ്രതി തട്ടിയതെന്ന് പോലീസ് പറയുന്നു. ഇയാളിൽ നിന്നും മുപ്പതോളം എടിഎം കാർഡുകളാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
തട്ടിപ്പ് നടത്തിയതിന് ശേഷം ലഭിക്കുന്ന പണം ഡെപ്പോസിറ്റ് മെഷീനിലൂടെ പ്രതിയുടെ തന്നെ അക്കൗണ്ടിലേക്ക് അയക്കുന്നതായിരുന്നു പതിവ്. ഇതിന് പുറമേ ക്യാഷ് ഡെപ്പോസിറ്റ് മെഷീനിലൂടെ പണം അയക്കാനെത്തുന്നവരെയും പ്രതി കബളിപ്പിച്ചിട്ടുണ്ട്. നിക്ഷേപിക്കാനെത്തുന്നവരുടെ അടുത്തെത്തി സഹായിക്കാനെന്ന വ്യാജേന പണം കൈക്കലാക്കും. ശേഷം ഇത് മെഷീനിൽ ഇട്ട ശേഷം കൺഫോം എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്നതിന് പകരം ക്യാൻസൽ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പണം അയച്ചുവെന്ന് ധരിപ്പിക്കും. ഉടമ പോയതിന് ശേഷം മെഷീൻ തുറന്ന് പണമെടുത്ത് മുങ്ങും. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
Comments