ന്യൂഡൽഹി: ന്യൂസ് ക്ലിക്കിനെതിരെ നടപടി ആവശ്യപ്പെട്ട് 255 വിശിഷ്ട വ്യക്തികൾ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനും കത്തെഴുതി. ഇന്ത്യാ വിരുദ്ധ പ്രചരണങ്ങൾ നടത്തുന്നതിന് ന്യൂസ് ക്ലിക്ക് അനധികൃതമായി പണം വാങ്ങിയെന്ന വിദേശ മാദ്ധ്യമത്തിന്റെ റിപ്പോർട്ടിന്റെ അിസ്ഥാനത്തിലാണ് പരാതി. ഇന്ത്യയിൽ വിഘടനവാദ പ്രവർത്തനത്തിന് ചൈന സാമ്പത്തിക സഹായം നൽകിയെന്നായിരുന്നു വിദേശ മാദ്ധ്യമത്തിന്റെ കണ്ടെത്തൽ. ഇതിനായി ഇടതുപക്ഷം പണം വാങ്ങിയെന്നും റിപ്പോർട്ടിൽ വന്നിരുന്നു. ഈ വിഷയം ഉടൻ അന്വേഷിക്കണം. കേന്ദ്ര സർക്കാരിനോട് കോടതി ഇത് നിർദ്ദേശിക്കണം. ഇന്ത്യക്കെതിരായി നടന്ന ഗൂഢാലോചനയും ശത്രു രാജ്യങ്ങളുടെ ഏജന്റുമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. 255 വിശിഷ്ട വ്യക്തികൾ കത്തിൽ പറയുന്നു.
നമ്മുടെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് നാം ബാധ്യസ്ഥരാണ്. അതിനായി എല്ലാശ്രമങ്ങളും നടത്തുകയും അത് സംരക്ഷിക്കുന്നതിനായി നാം നിയമപരമായും ധാർമ്മികമായും മുന്നോട്ട് വരികയും വേണം. നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ വിദേശ ഏജന്റുമാർ നുഴഞ്ഞുകയറിയ സാഹചര്യമാണുള്ളത്. ഇതിനെതിരെ ഒന്നിക്കേണ്ടതുണ്ട്. ഭരണഘടനാ പദവിയുടെ സത്യപ്രതിജ്ഞയെ ബഹുമാനിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് കത്തിൽ പറയുന്നു.
സിപിഎം മുൻ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് ഉൾപ്പെടെയുളള ഇടത് നേതാക്കൾക്ക് ഇന്ത്യാ വിരുദ്ധ പ്രചരണത്തിനായി പണം ലഭിച്ചെന്ന ആരോപണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഗാമിന് പ്രകാശ് കാരാട്ട് അയച്ച ഇമെയിലുകൾ ഇതിന് ഉദാഹരണമാണ്.
ഇടതുപക്ഷ പ്രത്യേയ ശാസ്ത്രം ഇന്ത്യയിൽ പ്രചരിപ്പിക്കാൻ പണം നൽകിയ വ്യക്തിയാണ് നെവിൽ റോയ് സിംഹാം. ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്റർ പ്രബിർ പുർക്കയസ്തയ്ക്കും ചൈനീസ് പ്രചരണം പ്രോത്സാഹിപ്പിക്കുന്നതിന് സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.
ഇന്ത്യാ വിരുദ്ധത നടത്തുന്ന ഇവർ നേതാക്കളല്ല, ഡീലർമാരാണെന്ന് പറഞ്ഞ വിശിഷ്ട വ്യക്തികൾ രാഷ്ട്രപതിയോടും ചീഫ് ജസ്റ്റിസിനോടും കർശന നടപടി ഇവർക്കെതിരെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശവിരുദ്ധവും, ജനാധിപത്യ വിരുദ്ധവും, വിരോധാഭാസവുമായ ഈ മാദ്ധ്യമവിരുദ്ധ അജണ്ട അവസാനിപ്പിക്കാൻ സമയമായെന്നും കത്തിൽ പറയുന്നു. ഹൈക്കോടതികളിൽ നിന്നും വിരമിച്ച ജഡ്ജിമാർ, മുൻ ഐപിഎസുമാർ, ഐഎഎസ് ഉദ്യോഗസ്ഥർ, മുൻ നയതന്ത്രജ്ഞർ, വിവിധ സംസ്ഥാനങ്ങളിലെ മുൻ ഡിജിപിമാർ, വിരമിച്ച സൈനികർ ഉൾപ്പെടെയുള്ളവരാണ് നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്.
Comments