തിരുവനന്തപുരം: ജനകീയ ഹോട്ടലിലെ ഊണിന് വിലകൂട്ടി സർക്കാർ. 20 രൂപയ്‌ക്ക് ലഭ്യമായിരുന്ന ഊണ് ഇനിമുതൽ ജനങ്ങൾക്ക് 30 രൂപയ്‌ക്കാണ് ലഭ്യമാകുക. പാഴ്‌സൽ മുഖേന ലഭ്യമായിരുന്ന ഊണിന്റെ വില 35 രൂപയുമായി ഉയർത്തി. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ജനകീയ ഹോട്ടലുകൾ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ആരംഭിച്ചത്. തദ്ദേശ സ്വയം ഭരണ വകുപ്പാണ് വിലവർദ്ധനവ് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കുംടുംബശ്രീ പ്രവർത്തകർക്കാണ് ജനകീയ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല.
ഇതോടെ ജനകീയ ഹോട്ടലുകൾക്ക് സംസ്ഥാന സർക്കാർ നൽകിവന്ന സബ്‌സിഡി ഇല്ലാത്തായി. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് സബ്‌സിഡി നിർത്തലാക്കിയതിന്റെ കാരണം. ഓഗസ്റ്റ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ് ഇറക്കിയത്. വ്യക്തമായ മാനദണ്ഡങ്ങളില്ലാതെ ജനകീയ ഹോട്ടലിന് സബ്‌സിഡി നൽകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ധനവകുപ്പ് ജൂണിൽ അറിയിച്ചിരുന്നു. കൊറോണയുടെ പ്രത്യേക സാഹചര്യത്തിലാണ് ജനകീയ ഹോട്ടലുകൾ തുടങ്ങിയതെന്നും നിലവിൽ കൊറോണ ഭീഷണിയില്ലാതായതിനാൽ സബ്‌സിഡി തുടരാനാകില്ലെന്നുമാണ് ഇന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത്.
Comments