കോഴിക്കോട് : ദേശഭക്തി ഗാനങ്ങളുടെ കമനീയത ഊട്ടിയുറപ്പിച്ചു കൊണ്ട് എഴുപത്തിയാറാമത് സ്വാതന്ത്ര്യ ദിനാഘോഷം ചരിത്ര നിമിഷമാക്കാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട് ചാലപ്പുറത്തെ ഗവ: ഗണപത് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ. സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളേയും ഉൾപ്പെടുത്തി ഒരു ദേശഭക്തി ഗാനം അണിയറയിൽ ഒരുങ്ങുകയാണ്.15 മിനിറ്റ് ദൈർഘ്യമുള്ള ഈ ഗാനത്തിൽ ഏഴ് ഇന്ത്യൻ ഭാഷകളുടെ സാന്നിധ്യമുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കന്നട, സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദി, കൊങ്ങിണി, മലയാളം ഭാഷകൾ ഉൾപ്പെടുത്തിയാണ് ദേശഭക്തി ഗാനങ്ങൾ കുട്ടികൾ ആലപിക്കുന്നത്.
ഗാനം ആലപിക്കുന്നവരിൽ ഈ ഭാഷക്കാരായ വിദ്യാർഥിനികൾ ഉണ്ടെന്ന മറ്റൊരു വലിയ സവിശേഷത കൂടി ഈ സംരംഭത്തിനുണ്ട്. 1800 ലേറെ വിദ്യാർഥികൾ പങ്കെടുക്കുന്ന മെഗാ ദേശഭക്തി ഗാനത്തിന് ‘ഇന്ത്യ രാഗ് 2023’ എന്നാണ് പേരിട്ടിരിക്കുന്നത്.
കന്നട, സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദി, കൊങ്ങിണി, മലയാളം ഭാഷകളാണ് ഒത്തുചേരുന്ന ‘ഇന്ത്യ രാഗ് 2023’ ആഗസ്റ്റ് 14 ന് രാവിലെ 11 മണിക്ക് സ്‌കൂൾ അങ്കണത്തിൽ ആലപിക്കും. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്‌ടു വരെയുള്ള കുട്ടികളാണ് അന്ന് ദേശീയതയുടെ തരംഗം സൃഷ്‌ടിക്കുക. സ്‌കൂളിലെ എഴുപത്തി അഞ്ചോളം വരുന്ന അധ്യാപകരും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും ഈ കുട്ടികൾക്കൊപ്പം പിന്നണിയിൽ അണിനിരക്കുന്നുണ്ട്.
കന്നഡ ഗാനം ‘നന്ന ദേശ നന്ന ഉസിരു’, സംസ്‌കൃത ഗാനം ‘ജയതി ജയതി ഭാരത മാതാ’, തമിഴ് ഗാനം ‘പാറുക്കുള്ള നല്ല നാട്’, തെലുഗു ഗാനം ‘സംഘാടനം ഒക യജ്ഞം’, കൊങ്കണി ഗാനം ‘ഹർ ഹത് സത് രംഗ്’, ഹിന്ദി ഗാനം ‘ചന്ദൻ ഹേ മതി മേരേ ദേശ് കി’, മലയാളം ഗാനം ‘ജയ ജയ ജയ ജന്മഭൂമി’ എന്നിവയാണ് കുട്ടികൾ പാടുക.
15 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന് സംഗീതജ്ഞരായ ഡൊമിനിക് മാർട്ടിൻ (കീബോർഡ്), ശശികൃഷ്‌ണ (ബേയ്‌സ് ഗിറ്റാർ), സോമൻ (ലീഡ് ഗിറ്റാർ) പീതാംബരൻ (റിഥം പാഡ്) എന്നിവരാണ് പശ്ചാത്തല സംഗീതം ലൈവായി നൽകുന്നത്.
















Comments