മോസ്‌കോ: ഇന്ത്യയിലും റഷ്യയിലുമുള്ള വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ തന്നെ പരസ്പരം രാജ്യങ്ങൾ സന്ദർശിക്കാനുള്ള സൗകര്യമൊരുക്കുകയാണ് റഷ്യ. അഞ്ച് പേരടങ്ങുന്ന സംഘത്തിനാണ് വിസയില്ലാതെ യാത്രാനുമതി നൽകുന്നത്. അതിനായി റഷ്യ ഇന്ത്യയുമായി കരാർ മുന്നോട്ടുവെയ്‌ക്കുന്നുവെന്ന് റഷ്യൻ സാമ്പത്തിക വികസന മന്ത്രി മാക്‌സിം റെഷെത്‌നിക്കോവ് അറിയിച്ചു.
ഓഗസ്റ്റ് ഒന്ന് മുതൽ ബിസിനസ് യാത്രകൾ, വിനോദസഞ്ചാരം, അതിഥി സന്ദർശനങ്ങൾ എന്നിവയ്‌ക്കുള്ള യാത്രാനുമതി വേഗത്തിൽ ലഭിക്കുന്നതിന് ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് ഇ- വിസ റഷ്യ നൽകിയിരുന്നു. വിസയില്ലാതെ സന്ദർശനം അനുവദിക്കുന്ന പദ്ധതി ചൈനയുമായും റഷ്യ നടപ്പിലാക്കിയിട്ടുണ്ട്. സമാന പദ്ധതിയാണ് ഇന്ത്യയുമായി നടപ്പിലാക്കാൻ പോകുന്നതെന്നും അതിനുള്ള ചർച്ചകൾ നടക്കുകയാണെന്നും റഷ്യൻ മന്ത്രി പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധം വിനോദസഞ്ചാര മേഖലയിൽ വെല്ലുവിളി ഉയർത്തിയ പശ്ചാത്തലത്തിലാണ് റഷ്യയുടെ നീക്കം. തുടർന്ന് 52 ഡോളറിന് 55 രാജ്യങ്ങളിലെ പൗരൻമാർക്ക് ഇ-വിസ ലഭ്യമാക്കാനുള്ള സംവിധാനവും റഷ്യ നടപ്പിലാക്കിയിട്ടുണ്ട്. 60 ദിവസമാണ് ഇതിന്റെ കാലാവധി. 16 ദിവസത്തിൽ കൂടുതൽ രാജ്യത്ത് താമസിക്കാനുള്ള അനുമതിയും ഇ-വിസ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments